
അബ്ദു റഹീമിന്റെ മോചനത്തിനായി ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളികൾ
- റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും മോചനശ്രമത്തിനായി സാമൂഹികപ്രവർത്തകരും രംഗത്തിറങ്ങിയിറങ്ങിയിട്ടുണ്ട്
റിയാദ്: 18 വർഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളികൾ . മോചനത്തിനായി പ്രവാസി സമൂഹം റിയാദിൽ രൂപവത്കരിച്ച അബ്ദു റഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.
25 റിയാലാണ് ഒരു ബിരിയാണിയുടെ വില. ഒരാൾ മിനിമം അഞ്ച് ബിരിയാണി ഓർഡർ ചെയ്യണം. റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും മോചന ശ്രമത്തിനായി സാമൂഹിക പ്രവർത്തകരും രംഗത്തിറങ്ങിയിറങ്ങിയിട്ടുണ്ട്.
മോചനദ്രവ്യമായി ആകെ വേണ്ടത് 34 കോടി രൂപയാണ് (1.5 കോടി റിയാൽ). പണം കെട്ടിവെച്ച് മോചനത്തിന് അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ബിരിയാണി ചലഞ്ചുമായി എല്ലാവരും സഹകരിക്കണമെന്ന് നിയമസഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.