
അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ ഒരുക്കങ്ങളുമായി കെഎസ്ആർടിസി
- 202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത് എന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് പറഞ്ഞു.
തിരുവനന്തപുരം:അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്. നിലയ്ക്കൽ- പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത് എന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് പറഞ്ഞു.ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്.

വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്. നിലയ്ക്കൽ -പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കെഎസ്ആർടിസി വിന്യസിച്ചിട്ടുണ്ട്.
