
അവളുടെ രാവുകൾ കണ്ട കഥ

അവളുടെ രാവുകൾ! അന്ന് സ്കൂൾ അവധിയായിരുന്നു. വീട്ടിലെ കിടക്കയുടെ അടിയിൽ അമ്മ സൂക്ഷിച്ചുവെച്ച പൈസയിൽ നിന്നും ബസിന്റെ ചാർജ് മാത്രം എടുത്തു. അവളുടെ രാവുകൾ കാണാൻ പോകുകയാണെന്ന് അമ്മയോട് പറഞ്ഞില്ല. സിനിമയ്ക്കു പോകുന്നു എന്ന് മാത്രം പറഞ്ഞു. ബസ് ഇറങ്ങി ടാക്കീസിലേക്ക് ധൃതിയിൽ നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി “എടാ ശശീ നീ തിരക്ക് പിടിച്ചു എങ്ങോട്ടാ? കൂടെ പഠിക്കുന്ന രവിയാണ്. രവിയോട് അധികം വർത്താനം പറഞ്ഞു നിൽക്കാൻ സമയമില്ല. ടാക്കിസ് ജീവനക്കാരനായ അച്ഛൻ ടിക്കറ്റ് കൗണ്ടറിന് അകത്തു കയറും മുമ്പ് അനുവാദം ചോദിക്കണം. എന്നിട്ട് വേണം ഹാളിൽ കയറാൻ. അങ്ങിനെ ധൃതിയിൽ പോകാൻ നോക്കുമ്പോൾ രവി ഒരു സ്വകാര്യം പറഞ്ഞു അവൻ ക്ലാസ്സ് കട്ട് ചെയ്ത് തലേദിവസം സിനിമ കണ്ട കാര്യം. അടിപൊളി പടം. നീ കണ്ടില്ലെങ്കിൽ നഷ്ടമാകും. അത് കേട്ടപ്പോൾ എന്റെ നടത്തതിന്റെ വേഗം കൂടി. രണ്ടാം വാരം അവസാനം എത്തിയിട്ടും നല്ല തിരക്ക്. ഫസ്റ്റ് ക്ലാസ്സിന്റെ വാതിക്കൽ കാണികളെ അകത്തു കയറ്റി വിടുന്ന ജയേട്ടനും പിന്നെ അച്ഛനും വർത്താനം പറഞ്ഞു നിൽക്കുന്നു. ഈയുള്ളവനെ കണ്ടപ്പോൾ തന്നെ ജയേട്ടൻ അച്ഛനെയും എന്നെയും പിന്നെ സീമ ഷർട്ട് മാത്രം ധരിച്ച് നിൽക്കുന്ന ആ പോസ്റ്ററിലേക്കും മാറി മാറി നോക്കി. ജയേട്ടൻ പാര വയ്ക്കുമോ എന്ന ആശങ്ക എന്നെ അലട്ടി. ചിത്രത്തിലെ മറ്റു രംഗങ്ങൾ അടങ്ങിയ പോസ്റ്റർ തൊട്ടടുത്ത ഭിത്തിയിൽ ചാരി വച്ചിട്ടുണ്ട്. അതിലേക്കും എന്റെ മുഖത്തേക്കും അച്ഛൻ ഒന്ന് നോക്കി. ഇതിനിടയിൽ ജയേട്ടന്റെ ഡയലോഗ് “കുഞ്ഞാത്തു ഏട്ടാ ഇത് സെക്സ് പടം ആണ് ഇവനെ കാണിക്കണ്ട. കുട്ടികൾ കണ്ടാൽ ചീത്തയായിപ്പോകും”. സകല പ്രതീക്ഷയും അണഞ്ഞ നേരം പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. നിരാശയോടെ അച്ഛന്റെ മുഖത്തു നോക്കിനിന്ന നേരം എന്നെ പോലും അത്ഭുതപെടുത്തി വാതിൽ മലർക്കേ തുറന്നു തന്നു. (എല്ലാ ചിത്രങ്ങളും കണ്ട് ശരിക്കും വിലയിരുത്തുന്ന സ്വഭാവം അച്ഛനുണ്ട് എന്ന് അറിയാമായിരുന്നു. ഈ മകൻ അവളുടെ രാവുകൾ കണ്ടു ചീത്തയാവില്ല എന്ന് തീർച്ചയായും അച്ഛൻ ധരിച്ചിട്ടുണ്ടാകും.)രാജി എന്ന അഭിസാരികയെ സീമയ്ക്കല്ലാതെ വേറെ ഏത് നടിയ്ക്കാണ് അക്കാലത്തു അവതരിപ്പിക്കാൻ കഴിയുക?. ചിത്രത്തിൽ പലയിടത്തും പ്രേക്ഷകരെ വിഷമവൃത്തത്തിൽ ആക്കുന്നുണ്ട് രാജി. അന്ന് രാത്രി തന്റെ തൊഴിൽ കഴിഞ്ഞ് രാജി വരുമ്പോൾ വീടിന്റെ അടുത്ത് എത്തിയപ്പോൾ കനത്ത മഴ. നനയാതിരിക്കാൻ ബാബുവിന്റെ (രവികുമാർ )വീട്ടിൽ കയറി അഭയം ചോദിക്കുന്നു. രാജിക്ക് ബാബുവിനെ ഇഷ്ടമാണ്. രാജിയുടെ സൗന്ദര്യം കണ്ട് ബാബുവി ന്റെ മനസ്സ് ഒന്ന് പതറി. അപ്പോൾ രാജി പറയുന്ന ഒരു ഡയലോഗ് ഉണ്ട് “ഞാൻ സമ്മതിക്കില്ല. എനിക്ക് കാശ് തന്നിട്ട് ഒരു പാട് പേർ എന്നെ……. “പക്ഷെ ബാബുവിന്റെ കൂടെ ഞാനില്ല. ബാബു നല്ലവനാണ്. ബാബുവിനെ ഞാൻ ചീത്തയാക്കില്ല. ഞാൻ ആരെയും ചീത്തയാക്കിയിട്ടില്ല ഒരു പാട് പേര് എന്നെ ചീത്തയാക്കി എന്നിട്ട് അവർ പറയുന്നു ഞാൻ ചീത്തയാണെന്ന്. അവരൊക്കെ നല്ല മാന്യൻമാരും.” സമൂഹത്തിനു നേരെ വലിയ ചോദ്യമാണ് രാജി തൊട്ത്തു വിട്ടത്. സീമ രാജിയെ അനശ്വരമാക്കി. അന്നും ഇന്നും പറയുകയാണ് ഈ ചിത്രം ഒരു നല്ല സന്ദേശം നൽകിയ ചിത്രമാണ്. സമൂഹത്തിലെ അഭിസാരികമാരുടെ ജീവിതം പച്ചയ്ക്കു കാണിച്ച ചിത്രം.1978-ൽ ഷെറീഫ് എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രം ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ് ചെയ്ത് വമ്പൻ വിജയം കൊയ്തു.