അൻവർ അടങ്ങി; ഇനി പാർട്ടി                                                 തീരുമാനിക്കട്ടെ-പി.വി. അൻവർ

അൻവർ അടങ്ങി; ഇനി പാർട്ടി തീരുമാനിക്കട്ടെ-പി.വി. അൻവർ

  • പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകി

തിരുവനന്തപുരം :കേരള പോലീസിനെതിരായ തന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് എഴുതി നൽകിയെന്ന് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും അൻവർ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. വിഷയങ്ങളിൽ മറ്റ് തീരുമാനങ്ങൾ മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനം എടുക്കുമെന്നും പി. വി. അൻവർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അൻവറിന്റെ ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എംഎൽഎ മാധ്യമങ്ങളെ കണ്ടത്.

അൻവർ രൂക്ഷമായ ആക്ഷേപങ്ങൾ ഉന്നയിച്ച എഡിജിപി എം. ആർ.അജിത്ത് കുമാറിനെ മാറ്റി നിർത്തണോ എന്നതുൾപ്പെടെ പാർട്ടി തീരുമാനിക്കും എന്നും അൻവർ ചൂണ്ടിക്കാട്ടി. ആരെ മാറ്റി നിർത്തണം എന്ന് പാർട്ടി തീരുമാനിക്കട്ടെ എന്ന ഒഴുക്കൻ മറുപടിയായിരുന്നു നിലമ്പൂർ എംഎൽഎ നൽകിയത്. സഖാവ് എന്ന നിലയിലാണ് മുഖ്യമന്ത്രിക്കും പാർട്ടിക്കും പരാതി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ പ്രതികരണത്തിന് മുതിർന്നിരുന്ന പി.വി. അൻവർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മിതത്വത്തോടെയാണ് പ്രതികരിച്ചത്.അതേ സമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൗനമായിരുന്നു പി.വി. അൻവറിന്റെ മറുപടി.

അതേ സമയം ആരോപണങ്ങൾ ആദ്യം സർക്കാരിനെ അറിയിക്കണമായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണ‌ൻ പ്രതികരിച്ചു. ആരോപണങ്ങൾ മുന്നണിയെ ബാധിക്കില്ല. തെറ്റുകൾക്കെതിരെ കർശന നടപടി എടുക്കുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )