
‘ഇന്റെർസ്റ്റെല്ലാർ’ വീണ്ടും തിയേറ്ററിലേക്ക്
- സിനിമ തിരിച്ചെത്തുന്നത് ഏഴ് ദിവസത്തേക്ക് മാത്രം
ലോകം മുഴുവൻ സ്വീകാര്യത നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായ ‘ഇൻ്റെർസ്റ്റെല്ലാർ’ഇന്ത്യയിലേക്ക് വീണ്ടുമെത്തുന്നു. സയൻസ് ഫിക്ഷൻ ഡ്രാമയായി 2014ൽ ഒരുങ്ങിയ സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ ചിത്രം റീ റിലീസിനെത്തിയിരുന്നു. ഇന്ത്യയിൽ നിന്നും വൻ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. കേരളത്തിലും വൻ കളക്ഷനാണ് സിനിമ നേടിയത്.

ഇന്റെർസ്റ്റെല്ലാർ മാർച്ച് 14 ന് ഇന്ത്യയിൽ വീണ്ടും റീ റിലീസിന് എത്തുന്നു എന്ന വാർത്തയാണ് എത്തിയിരുന്നത്.പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് സിനിമ വീണ്ടും പ്രദർശനത്തിന് എത്തിക്കുന്നത് എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഏഴ് ദിവസത്തേക്ക് മാത്രമാണ് സിനിമ തിരിച്ചെത്തുന്നത്. ഐമാക്സ് ഉൾപ്പെടെയുള്ള സ്ക്രീനുകളിൽ ചിത്രമെത്തും. നേരത്തെ സിനിമ റീ റിലീസ് ചെയ്തപ്പോൾ ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി സിനിമ നേടിയത് 2.50 കോടിയാണ്.