
ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി
- പുതിയ നിരക്ക് ബാധകമാകുക കേരളത്തിലെ കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്കാണ്
തിരുവനന്തപുരം: വൈകുന്നേരം നാലുമണിക്ക് ശേഷം ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. പുതിയ നിരക്ക് ബാധകമാകുക കേരളത്തിലെ കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്കാണ്. കേന്ദ്രസർക്കാരിൻ്റെ മാർഗനിർദേശപ്രകാരമുള്ള സർവീസ് ചാർജുകൂടി ഈടാക്കാൻ തീരുമാനിച്ചതോടെ സ്വകാര്യ ചാർജിങ് സ്റ്റേഷനുകളിലെ നിരക്കിനെ അപേക്ഷിച്ച് കൂടുതൽ തുകയാണ് ഇവിടങ്ങളിൽ നൽകേണ്ടിവരുക.

രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയുള്ള സൗരോർജ മണിക്കൂറുകളിൽ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവാദം നൽകിരുന്നു. രാത്രിയിൽ ചാർജിങ്ങിന് വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കാനും പകൽ ലഭ്യമാകുന്ന സൗരോർജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് നീക്കം. ഇതുവരെ പകലും രാത്രിയും കെഎസ്ഇബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു. കേന്ദ്ര ഊർജമന്ത്രാലയം സർവീ സ് ചാർജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളിൽ പരമാവധി പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. യൂണിറ്റിന് മൂന്നുമുതൽ 13 വരെയാണ് പരമാവധി സർവീസ് ചാർജ്. സ്വകാര്യ സ്റ്റേഷനുകൾ ഇതിൽ ഇളവുനൽകി മത്സര ബുദ്ധിയോടെ പ്രവർത്തിക്കുമ്പോഴാണ് കെഎസ്ഉബി നീക്കം.
