
കുവൈറ്റിൽ കുതിച്ചുയർന്ന് താപനില
- മുന്നറിയിപ്പുമായി മന്ത്രാലയം
കുവൈറ്റിലെ താപനില കുതിച്ചുയരുന്നതിനാൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതിനെ തുടർന്ന് ചില റസിഡൻഷ്യൽ ഏരിയകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് വൈദ്യുതി, ജലം, പുനരുൽപ്പാദന ഊർജ മന്ത്രാലയം തീരുമാനിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചു മണിവരെയുള്ള തിരക്കേറിയ സമയങ്ങളിൽ സിസ്റ്റം സ്ഥിരത നിലനിർത്തുന്നതിനും ലോഡ് നിയന്ത്രിക്കുന്നതിനും ഈ നീക്കം അനിവാര്യമാണെന്നും മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപാദന യൂണിറ്റുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം തുടർച്ചയായി പവർ കട്ടുകൾ ഉണ്ടാകാനിടയുണ്ടെന്നും എന്നും കുവൈറ്റ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈറ്റിൽ ഉയർന്ന താപനില വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. രാത്രിയിലെ കാലാവസ്ഥ വളരെ ചൂടുള്ളതായി തുടരും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ വീശും. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ കൂടിയ താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും അധികൃതർ പറഞ്ഞു.