
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം
- ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ
തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് അജ്ഞാത സന്ദേശം. എയർപോർട്ട് അധികൃതർ ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് ഇ-മെയിൽ വഴി ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചത്. തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. വിമാനത്താവള പരിസരത്ത് നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട് . വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണികൾ ഇ-മെയിലായി എത്തിയ സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. അവയൊക്കെ പിന്നീട് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഇത്തരം ഒരു സന്ദേശം ആദ്യമായി ലഭിക്കുന്നതിനാലാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.