
പി വി അൻവർ സ്ഥാനാർത്ഥിയാകുമോ; ഘടകകക്ഷികളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും-വി.ഡി. സതീശൻ
- കോൺഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് പ്രവർത്തിക്കാൻ അൻവർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് മറ്റു ഘടകകക്ഷികളുമായി ചർച്ചചെയ്യും. അദ്ദേഹം മുന്നോട്ടുവെച്ച നിർദേശങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ചചെയ്തശേഷം തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് പ്രവർത്തിക്കാൻ അൻവർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അത് ഏതുതരത്തിലായിരിക്കുമെന്ന് അദ്ദേഹം ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അക്കാര്യം പാർട്ടിയിലും മുന്നണിയിലും ചർച്ചചെയ്തശേഷം ഉടൻ തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാർഥിക്കും പരിപൂർണ പിന്തുണ നൽകുമെന്ന് അൻവർ ഉറപ്പുനൽകിയിട്ടുണ്ട്. കോൺഗ്രസ് അൻവറിന് മുന്നിൽ ഒരു നിർദേശവും വെച്ചിട്ടില്ല. സഹകരിച്ച് പ്രവർത്തിക്കുന്നതിൻ്റെ രീതി ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. അൻവറിന്റെ പിന്തുണ നിലമ്പൂരിൽ ഗുണംചെയ്യുമെന്നും സതീശൻ പറഞ്ഞു.