പുതിയോട്ടിൽ നിവാസികൾക്ക്     കുടിവെള്ളമെത്തി

പുതിയോട്ടിൽ നിവാസികൾക്ക് കുടിവെള്ളമെത്തി

  • പരിഹരിക്കപ്പെടുന്നത് പതിറ്റാണ്ടുകൾ നീണ്ട ജലക്ഷാമം.

കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും സംഗമിക്കുന്ന മുക്കം കടവിനടുത്താണ് പുതിയോട്ടിൽ കോളനി. സമീപത്തുകൂടി ചെറുപുഴയൊഴുകുമ്പോഴും പുതിയോട്ടിൽ കുന്ന് പ്രദേശത്ത് ജലലഭ്യത കുറവാണ്. വേനൽക്കാലമായാൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പതിറ്റാണ്ടുകളായി കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് ഒടുവിൽ പരിഹാരമാവുന്നത്.

പുതിയോട്ടിൽ കുടിവെള്ള പദ്ധതി പ്രവർത്തന സജ്ജമായിരിക്കുന്നു. കോളനിയിലെ 33 കുടുംബങ്ങളടക്കം 43-ഓളം കുടുംബങ്ങൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ അനുഭവിച്ചുവന്ന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 26 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.

10 ലക്ഷം രൂപ വകയിരുത്തി ചെറു പുഴയുടെ തീരത്ത് കിണർ നിർമിച്ചിരുന്നു. പിന്നീട് കോവിഡും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം പ്രവൃത്തി വൈകി. ഇപ്പോൾ 10 ലക്ഷം അനുവദിച്ച് എരേച്ചൻതടം കുന്നിൽ ടാങ്കുകളും സ്ഥാപിച്ചു. കഴിഞ്ഞവർഷം ആറു ലക്ഷം രൂപ കൂടി വകയിരുത്തി ടാങ്കിലേക്കും ടാങ്കിൽനിന്ന് വീടുകളിലേക്കും പൈപ്പ് കണക്‌ഷനും ടാപ്പുകളും സ്ഥാപിച്ച് വൈദ്യുതി കണക്‌ഷനും ലഭ്യമാക്കി. പമ്പ് സെറ്റ് ബുധനാഴ്ചയോടെ സ്ഥാപിക്കും. അതോടെ ജല വിതരണം ഉടൻ ആരംഭിക്കും.

ഫണ്ട് ലഭ്യതയുടെ പരിമിതി കാരണം പദ്ധതിക്ക് ഒരുമിച്ച് തുക വകയിരുത്താൻ കഴിയാതിരുന്നതിനാലാണ് പൂർത്തിയാക്കാൻ അല്പം വൈകിയത്. അടുത്ത ദിവസം തന്നെ ഉദ്ഘാടനം നടത്തി ജല വിതരണം ആരംഭിക്കുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം എം.എ. സൗദ പറഞ്ഞു. പുതിയോട്ടിൽ കോളനി നിവാസികൾ നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങളായിരുന്നു കുടിവെള്ളവും റോഡും. ഗ്രാമപ്പഞ്ചായത്ത് റോഡുകൾ നിർമിച്ചു നൽകി. ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടെ കുടിവെള്ള പ്രശ്നവും പരിഹരിക്കാനായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )