
പുലി ഭീഷണി ഒഴിയുന്നില്ല; ജാഗ്രതാസമിതി രൂപീകരിച്ചു
- കുടിവെള്ളം സംഭരിക്കുന്നതുപോലും മുടങ്ങുന്നു. ജനവാസമേഖലകളിൽ വൈദ്യുതവിളക്കുകൾ സ്ഥാപിക്കണമെന്നും ആവിശ്യപ്പെട്ടു.
കുറ്റ്യാടി: പുലിപ്പേടിയിൽ ജാഗ്രതാസമിതി രൂപീകരിച്ച് വട്ടിപ്പന ഗ്രാമം. വട്ടിപ്പനയിൽ പുലിയിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ജാഗ്രതാസമിതി രൂപീകരിച്ചത്. വനത്തോടു ചേർന്ന ജനവാസമേഖലകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ചീഫ് ലൈഫ് വാർഡൻ, ഡിഎഫ്ഒ എന്നിവർക്ക് നിവേദനം നൽകും.
പുലിപ്പേടിയിൽ കുടിവെള്ളം സംഭരിക്കുന്നതുപോലും മുടങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. വനത്തോടുചേർന്ന ജനവാസമേഖലകളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കണമെന്നും ജാഗ്രതാസമിതി ആവിശ്യപ്പെട്ടു.
കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. ജോർജ്, വൈസ് പ്രസിഡൻറ് അന്നമ്മജോർജ്, പഞ്ചായത്തംഗം മണലിൽ രമേശൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രജിത്ത് കുമാർ, മുഹമ്മദ് റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.
കുറ്റ്യാടി പ്രിക്കൻതോട്ടിൽ പുലിയിറങ്ങിയ മേഖല കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു. പ്രദേശവാസികൾ ഭീതിയിലാണെന്നും പുലിയെ കണ്ടെത്തി പിടികൂടാൻ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നും സന്ദർശക സംഘത്തിലുണ്ടായിരുന്ന കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട് ജമാൽ, ഒ.രവീന്ദ്രൻ, കോവുമ്മൽ അമ്മദ്, ഫിറോസ് കോരങ്കോട്ട്, ജോൺസൻ പുഞ്ചവയൽ, സാബു പശുക്കടവ് എന്നിവർ ആവശ്യപ്പെട്ടു.