
പ്രേംകുമാറിന്റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ
- അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്.
തിരുവനന്തപുരം: നടനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന പ്രേംകുമാറിന്റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്നനയം ഈ സർക്കാരിനില്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നതിൽ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്നതാണ്. അദ്ദേഹത്തിന് ഈ കാര്യത്തിൽ എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കുമെന്നും മന്ത്രി അറിയിച്ചു.
