
ഫൈൻ അടയ്ക്കാൻ വാട്സ്ആപിലെത്തുന്ന ലിങ്കുകൾ തുറക്കരുത്; മുന്നറിയിപ്പുമായി എംവിഡി
- ഇത്തരം സന്ദേശമോ പേയ്മെന്റ് ലിങ്കോ മൊബൈൽ വഴി വരില്ലെന്ന് എംവിഡി
തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ തെറ്റിച്ചുവെന്ന് കാണിച്ച് ഫൈൻ അടക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം സന്ദേശങ്ങൾക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലിൽ വരില്ലെന്നും എംവിഡി മുന്നറിയിപ്പിൽ പറയുന്നു.
ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല. മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടൽ echallan.parivahan.gov.in ആണെന്നും’ എംവിഡി ഓർമിപ്പിക്കുന്നു.

മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. ഒരു പേയ്മെൻ്റ് ലിങ്ക് നിങ്ങളുടെ വാട്സ്ആപ്പിലേയ്ക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സിന് ഇല്ല. ഇത്തരം സന്ദേശങ്ങൾ ഓപ്പൺ ചെയ്യാതിരിക്കുക സ്ക്രീൻ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കണമെന്നും’ അധികൃതർ മുന്നറിയിപിൽ പറയുന്നു.
