
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
- ഇന്ത്യയിൽ അഭയം തേടിയതായി റിപ്പോർട്ട്
- പട്ടാള അട്ടിമറി ;ഇടക്കാല സർക്കാർ ഉണ്ടാക്കുമെന്ന് സൈനിക മേധാവി
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുകയാണ് . ധാക്കയില്‍ നിന്ന് സുരക്ഷിത താവളത്തിലേക്ക് ഷെയ്ഖ് ഹസീന മാറിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് പട്ടാള അട്ടിമറി നടന്നു. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഉണ്ടാക്കുമെന്ന് സൈനിക മേധാവി പറഞ്ഞു.
ഷെയ്ഖ് ഹസീന രാജിവെക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുതിർന്ന ഉപദേഷ്ഠാവ് എഎഫ്പിയോട് പ്രതികരിക്കവെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് സഹോദരിയോടൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായാണ് റിപ്പോർട്ടുകള്‍. ഇന്ത്യയിലേക്കാണ് തിരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര് കൊല്ലപ്പെട്ടതായാണ് വിവരം.