
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
- കേസിലെ അന്വേഷണം തടയേണ്ടതില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം
കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാവ് ബാബു ഷാഹിറിന് തിരിച്ചടി. ബാബു ഷാഹിറിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ അന്വേഷണം തടയേണ്ടതില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമാതാക്കൾ ഏഴ് കോടി തട്ടിയെന്ന അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മൽ ബോയ്സ് കേസെടുത്തത്. സിനിമയുടെ നിർമാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയിൽനിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു സിറാജ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
എന്നാൽ വാഗ്ദദാനം നൽകിയ പണം ഇയാൾ കൃത്യസമയത്ത് നൽകിയില്ലെന്നായിരുന്നു നിർമാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിർമാതാക്കൾ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് ലാഭവിഹിതം നൽകാതിരുന്നതെന്നും നിർമാതാക്കൾ പറഞ്ഞിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതിന് പിന്നാലെ സൗബിനെ മരട് പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
