
മുട്ടത്തറ പുനർഗേഹം ഫ്ളാറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് കൈമാറും- മന്ത്രി സജി ചെറിയാൻ
- എട്ട് ഏക്കർ സ്ഥലത്ത് 50 കെട്ടിട സമുച്ചയത്തിലായി 400 ഫ്ലാറ്റുകളാണ് മുട്ടത്തറയിൽ ഒരുങ്ങുന്നത്
തിരുവനന്തപുരം: മുട്ടത്തറയിൽ ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾ 2025 ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാക്കി മത്സ്യത്തൊഴിലാളികൾക്ക് കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ. നിർമ്മാണ പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ച മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു.
എട്ട് ഏക്കർ സ്ഥലത്ത് 50 കെട്ടിട സമുച്ചയത്തിലായി 400 ഫ്ലാറ്റുകളാണ് മുട്ടത്തറയിൽ ഒരുങ്ങുന്നത്. കോമൺ യൂട്ടിലിറ്റി ഉൾപ്പെടെ 635 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഓരോ യൂണിറ്റിനും ഉള്ളത്. രണ്ടു കിടപ്പ് മുറിയും, ഒരു ഹാളും, അടുക്കളയും, ശൗചാലയ സൗകര്യങ്ങളും ഉണ്ടാകും. 81 കോടി രൂപയാണ് പൂർണമായും സംസ്ഥാന സർക്കാർ ചെലവിലൊരുങ്ങുന്ന പദ്ധതിക്കായി അനുവദിച്ചത്.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. നിലവിൽ 80 ശതമാനം പണികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഈ വർഷം ഡിസംബറിനുള്ളിൽ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും. ഫെബ്രുവരിക്കുള്ളിൽ അപ്രോച്ച് റോഡ്, ഇന്റർലോക്ക് പാതകൾ, സ്വീവേജ് സംവിധാനം, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയും പൂർത്തീകരിച്ച് കൈമാറ്റത്തിന് സജ്ജമാകും. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും യോഗം വിളിച്ചുചേർക്കാനും മന്ത്രി നിർദേശം നൽകി