
യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
- കേരളീയർ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയാണ് വിധിയെഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂർ കേസരി ഗവ. കോളജിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം ദൃശ്യമാകുന്ന വോട്ടർമാരുടെ നീണ്ട നിര ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നും പ്രബുദ്ധരായ കേരളീയർ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയാണ് വിധിയെഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു

. അതേസമയം, പലർക്കും പോസ്റ്റൽ വോട്ടുകൾ ലഭ്യമാകാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച പറ്റിയതായും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ ബൂത്തുകളിലെത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറം പാണക്കാട് സികെഎംഎ എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
