
വടകരയിലെ വിജയത്തിന് ശേഷം ഷാഫി പറമ്പിൽ പോയത് കുഞ്ഞൂഞ്ഞിനെ കാണാൻ
- ഉമ്മൻചാണ്ടി സാർ കാണിച്ചു തന്ന വഴിയിലൂടെയാണ് ഒരു മനുഷ്യനെന്ന നിലയ്ക്കും ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്കും അവസാന ശ്വാസം വരെയും പ്രവർത്തിക്കുക
വടകര : ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ഷാഫി പറമ്പിൽ പോയത് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് അരികിൽ . ചാണ്ടി ഉമ്മൻ, കെ. സി ജോസഫ്, രാഹുൽ മാങ്കൂട്ടം എന്നിവരുടെ കൂടെയായിരുന്നു സന്ദർശനം നടത്തിയത്. ചാണ്ടി ഉമ്മന്റെ കൂടെ പള്ളിയിൽ പോയി സന്ദർശനം നടത്തിയതിനുശേഷം നേരെ പോയത് ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കരികിലാണ്. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുകയും കല്ലറയിൽ പൂക്കൾ അർപ്പിക്കുകയും ചെയ്തതിനുശേഷം ആണ് ഷാഫി പറമ്പിൽ മടങ്ങിയത്.

നേതാവ് ഇപ്പോഴും ഉമ്മൻചാണ്ടി സാർ ആണോ എന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ഷാഫി പറമ്പിൽ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ” ഇന്നലെയും ഇന്നും നാളെയും തന്റെ നേതാവ് ഉമ്മൻചാണ്ടിയാണെന്നും അതിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും ആണ്. കൂടാതെ ഉമ്മൻചാണ്ടി സാർ കാണിച്ചുതന്ന വഴിയിലൂടെയാണ് ഒരു മനുഷ്യനെന്ന നിലയ്ക്കും ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്കും അവസാന ശ്വാസം വരെയും പ്രവർത്തിക്കുക. പല ഘട്ടങ്ങളിലും ഞങ്ങൾക്ക് അവസരങ്ങൾ ഉണ്ടാക്കി തന്നതും അവസരങ്ങളിൽ പ്രവർത്തിക്കാനുള്ള കരുത്ത് ആയി നിന്നതും സ്നേഹം കാണിക്കുകയും ശാസിക്കുകയും ചെയ്തത് ഉമ്മൻചാണ്ടി ആണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ജനകീയത എന്ന വാക്കിന് ഇതുപോലെ അർത്ഥം കണ്ടെത്തിയ അദ്ദേഹത്തെപ്പോലെ ഒരു പൊതുപ്രവർത്തകൻ വേറെയില്ല. ജനങ്ങൾക്ക് വേണ്ടി മുഴുവൻ ജീവിതവും നീക്കിവെച്ച നേതാവാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. ഷാഫിയെ കാണാനായി എത്തിയത് നിരവധി പേരാണ്.