
വരൾച്ച സഹിക്കാനാവാതെ മലയോരം
- ചാലിയാറിന്റെ പോഷക നദിയായ ഇരുവഴിഞ്ഞിപ്പുഴയും കൈവഴിയായ പൊയിലിങ്ങാപ്പുഴയും ഉൾപ്പെടെ മലയോരത്തെ പ്രകൃതിദത്ത ജലസ്രോത സ്സുകൾ ഒന്നടങ്കം വരണ്ടുണങ്ങുന്നു
മലയോരമേഖലയിലെ നൂറോളം പ്രദേശങ്ങളിൽ കുടിവെള്ളമില്ല. ഭൂരിപക്ഷം സ്ഥലങ്ങളിലും പഞ്ചായത്തുകൾ ലോറികളിൽ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയാത്ത അവസ്ഥയാണ്. ചാലിയാറിന്റെ പോഷക നദിയായ ഇരുവഴിഞ്ഞിപ്പുഴയും കൈവഴിയായ പൊയിലിങ്ങാപ്പുഴയും ഉൾപ്പെടെ മലയോരത്തെ പ്രകൃതിദത്ത ജലസ്രോതസ്സുകൾ ഒന്നടങ്കം വരണ്ടുണങ്ങുന്നു. വെള്ളരി മലയുടെ താഴ്വാരങ്ങളിൽ ജല വിതാനം കുത്തനെ താഴ്ന്നു. ജലസേചന സൗകര്യം ലഭിക്കാത്തത് കാരണം വിളകൾ കരിഞ്ഞുണങ്ങുന്നതായി കർഷകർ പറയുന്നു. പുഴകളിലേക്ക് ഒഴു കിക്കൊണ്ടിരുന്ന കൈത്തോടുകളും വറ്റി വരണ്ടു. കുടിനീരില്ലാതെ നൂറോളം പ്രദേശങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്.
തിരുവമ്പാടി ഇരുവഴിഞ്ഞിപ്പുഴയുടെ ഉദ്ഭവസ്ഥലമായ മറിപ്പുഴ, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ, തിരുവമ്പാടി തോട്ടത്തിൻകടവ് ഭാഗങ്ങളിലെല്ലാം പുഴ നാൾക്കുനാൾ വരളുകയാണ്. ഇരുവഴിഞ്ഞിയുടെ കൈവഴികളായ കണിയാട് പുഴ, ഇടത്തറ പുഴ, കരിമ്പുഴ, ചാലിപ്പുഴ, പൊയിലിങ്ങാപ്പുഴ, ചെറുപുഴ എന്നിവയെല്ലാം നീരൊഴുക്കായി മാറി. പൊയിലിങ്ങാപ്പുഴയുടെ ഉറുമി, കുളിരാമുട്ടി, പൂവാറൻതോട് പ്രദേശങ്ങളെല്ലാം നീരൊഴുക്കായിമാറി. വരൾച്ചയിൽ ആദിവാസികോളനിയിലെ ആളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ നിരപാറ, പാറമല, തൊഴിലാളിക്കുന്ന്, പിച്ചംപാറ, പാത്തിപ്പാറ, പൊട്ടൻകോട്, മുറമ്പാത്തി, കല്ലൻതറമേട്, തിരുവമ്പാടി പഞ്ചായത്തിലെ പാമ്പിഴഞ്ഞപാറ, പാലക്കടവ്, തൊണ്ടിമ്മൽ, മരക്കാട്ടുപുറം,തുടങ്ങിയ ഇടങ്ങളിൽ കുടിവെള്ളം പോലും ലഭിക്കുന്നില്ല.
ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ പ്രവർത്തിക്കുന്നതിനാൽ ഇരുവഴിഞ്ഞിപ്പുഴയുടെ മുക്കം തൃക്കുടമണ്ണ കടവ് വരെയുള്ള ഭാഗങ്ങളിൽ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. ശേഷമുള്ള ഭാഗങ്ങളിലാണ് ജലവിതാനം താഴ്ന്നത്. കിണറുകളിലും വെള്ളവും കുറഞ്ഞിട്ടുണ്ട്. തിരുവമ്പാടി, കുടരഞ്ഞി പഞ്ചായത്തിലെ കരിമ്പ്, കക്കാടംപൊയിൽ, പീടികപ്പാറ, താന്നിക്കുന്ന്, മുണ്ടമല, ഉദയഗിരി, കൽപിനി, പട്ടോത്ത്, താഴെ കൂടരഞ്ഞി, കൊടിയത്തൂർ പഞ്ചായത്തിലെ കവിലട, ഉണിക്കോരൻകുന്ന്, തായ്യാട്ട്, തമ്പലങ്ങോട്ട്കുഴി, കളക്കുടിക്കുന്ന്, തോണിച്ചാൽ, മാടമ്പി, തരിയോട്, കാരശ്ശേരി പഞ്ചായത്തിലെ സണ്ണിപ്പടി, തോട്ടക്കാട്, മൈസൂർപറ്റ, മൈസൂർ മല ആദിവാസി കോളനി, കോളനി 68, പൈക്കാടൻമല, ഖാദിബോർഡ്, തൃശ്ശൂർ കോളനി, ഊരാളിക്കുന്ന് എന്നിവിടങ്ങളിലെല്ലാം കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുകയാണ്. കാരശ്ശേരിയിൽ പഞ്ചായത്തിൽ മാത്രം 86-ഓളം ഇടങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്നുണ്ട്.
