
വാർത്താ വിനിമയ ഉപ ഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപിച്ചു
- എൽവിഎം 3 റോക്കറ്റിന്റെ വിക്ഷേപണ ചരിത്രത്തിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ (എൽഇഒ) സ്ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ്.
ശ്രീഹരിക്കോട്ട : യുഎസിന്റെപുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപണം പൂർണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി.എൽവിഎം 3 റോക്കറ്റിന്റെ വിക്ഷേപണ ചരിത്രത്തിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ (എൽഇഒ) സ്ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ്. 4,400 കിലോഗ്രാം ഭാരമുള്ള എൽവിഎം 3-എം5 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 ആയിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹം.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം. സ്മാർട്ട് ഫോണുകളിലേക്കു ടവറിന്റെ സഹായമില്ലാതെ നേരിട്ട് അതിവേഗ സെല്ലുലാർ സിഗ്നലുകൾ നൽകാൻ രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണു ബ്ലൂബേർഡ്.
