
വിദ്യാഭ്യാസ മേഖല വിമർശനാത്മകമാവുമ്പോൾ
- നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️
ഇന്ത്യ ഇന്ന് പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായയം ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് .
ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്ത് മെക്കാളെ പ്രഭു ആവിഷ്കരിച്ച വിദ്യാഭ്യാസ നയം ചെറുതോതിൽ മാറ്റങ്ങൾക്ക് വിധേയമായി ഇന്നും പിന്തുടരുന്നു.ഇതിന്റെ തുടർച്ചയാണ് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും.സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മേഖല മൃതീകരിച്ച അവസ്ഥയിലാണ്.വിദ്യാഭ്യാസവും അനുബന്ധ മേഖലകളിലും വിപ്ലവാത്മകമായ ഒരു മാറ്റം ആവശ്യമാണ്.
ഓരോ പൗരനും വിദ്യാഭ്യാസം എത്തിക്കുന്നതിനായി താഴെതട്ടിൽ നിന്ന് തന്നെ ഒരു പുനർനിർമാണം നടത്തി വിദ്യാഭ്യാസം അന്താരാഷ്ട്രനിലവാരത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്.കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാവണം വിദ്യാഭ്യാസം വളരേണ്ടത്.കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായിട്ടുണ്ട്. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്ന് പറയേണ്ടതില്ലല്ലോ.കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്ന രീതിയിൽ കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസത്തെ സമഗ്രമായി സ്വാധീനിക്കുന്നു.മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു തന്നെ പറയാം.എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്.പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു.ഓരോ കാലവും വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്.കഴിഞ്ഞ തലമുറയ്ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കമ്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല;പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്.കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ വേണ്ട രീതിയിൽ അടയാളപ്പെടുത്തിയതായി കാണുന്നില്ല.മാറ്റങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാമെങ്കിലും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടിയാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം കേരളത്തിന്റെ മണ്ണില്‍ വേരോടിത്തുടങ്ങുന്നത്.
സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയായ ഒന്നാണ്. കേരളത്തിന്റെ വിദ്യാഭ്യാസം ചരിത്രപരമായിത്തന്നെ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ്.ഇത് ജനകീയ പിൻബലത്തോടെയും പങ്കാളിത്തത്തോടെയും ഉയർന്നുവന്നതുമാണ്. ഐക്യകേരള രൂപീകരണത്തിന് മുമ്പും ശേഷവും ഒട്ടേറെ ജനകീയ ഇടപെടലുകൾ കൊണ്ട് പരിവർത്തനത്തിന് വിധേയമായ ഒന്നുകൂടിയാണ് നമ്മുടെ വിദ്യാഭ്യാസമേഖല. ഈ മാറ്റങ്ങളുടെ,വിദ്യാഭ്യാസ വളർച്ചയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കേണ്ടതുണ്ട്.മോശം നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നത് വിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വളരെ മോശമാണെങ്കിൽ, ആ കുട്ടിക്ക് സാക്ഷരതയോ സംഖ്യാജ്ഞാനമോ ലഭിക്കുകയോ, നിർണായക ജീവിത നൈപുണ്യങ്ങൾ നേടുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ,ഒരു കുട്ടിക്ക് സ്കൂളിൽ ചേരാനുള്ള അവസരം നൽകുന്നതിൽ അർത്ഥമില്ല.നിലവിൽ നാലാം ക്ലാസിൽ എത്തുന്ന മൂന്ന് കുട്ടികളിൽ ഒരാൾക്ക് അടിസ്ഥാന പാഠങ്ങൾ വായിക്കാൻ കഴിയും. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് അടിസ്ഥാന സംഖ്യാശാസ്ത്രത്തിന്റെയും സാക്ഷരതയുടെയും അടിസ്ഥാന കഴിവുകൾ നേടിയിട്ടില്ല എന്നതാണ് കണ്ടെത്തൽ.
കഴിഞ്ഞ ഒൻപത് വർഷത്തിലധികമായി വിദ്യാഭ്യാസ മേഖലയിൽ നടമാടിക്കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഹസനമായി തുടരുകയാണ്.വിദ്യാലയങ്ങൾ ഹൈടെക് ആയി എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്നത്തെ വിദ്യാലയങ്ങളുടെ അവസ്ഥ പരിശോധിക്കണമെങ്കിൽ ഒരു സോഷ്യൽ ഓഡിറ്റിനും സുരക്ഷാ ഓഡിറ്റിനും സ്കൂൾ വിദ്യാഭ്യാസ ഓഡിറ്റിനും വിധേയമാക്കിയാൽ മതി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഇരകളാണ് സർവജന സ്കൂളിലെ ഷഹല ഷെറിനും എം ജെ സ്കൂളിലെ ഷഹബാസും തേവക്കര ബോയ്സ് സ്കൂളിലെ മിഥുനും.ബത്തേരി ഗവ.സർവജന വി എച്ച് എസ് സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുന്നതിന് ഒരു കുട്ടിയെ ഇരയാക്കേണ്ടി വന്നു.എന്നാൽ മയക്കുമരുന്നിന്റെ അനിയന്ത്രിത ഉപയോഗത്തിനെതിരെയും മോറൽ വിദ്യാഭ്യാസ പരിമിതിയെയും ഉണർത്തി വിടുന്നതിന് കുരുതി കൊടുത്തത് എം.ജെ ഹൈസ്കൂളിലെ ഷഹബാസിനെയായിരുന്നു.വർഷങ്ങളായി തേവക്കര ബോയ്സ് സ്കൂൾ കെട്ടിടത്തിനു മുകളിലൂടെ കടന്നുപോയ വൈദ്യുതക്കമ്പി മാറ്റിയെടുക്കാൻ ബലിയാടാകേണ്ടി വന്നത് പാവം എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ്;ഇതെല്ലാം കേവലം ഉദാഹരണങ്ങൾ മാത്രം.അക്കാദമികവും കൂടെ ഭൗതികവുമായ മികവ് പുലർത്തുമ്പോൾ മാത്രമേ ഇത്തരം യജ്ഞങ്ങളുടെ പൂർണതയിലെത്തി എന്ന് നമുക്ക് വിലയിരുത്താനാവുകയുള്ളു.വിദ്യാർത്ഥികളുടെ ഭൗതിക നിലവാരത്തിന്,വലിയ പ്രാമുഖ്യം നൽകുന്ന വിദ്യാഭ്യാസ വിചക്ഷണരും അധ്യാപക സമൂഹവും, അത്ര തന്നെ ശ്രദ്ധ കൊടുക്കാത്ത വൈകാരിക വികാസത്തിന്റെ പരിമിതി, വിദ്യാർത്ഥികളിൽ തീർക്കുന്ന പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം ഈയിടെ, സാക്ഷര കേരളത്തിലും ആപൽക്കരമായ സാഹചര്യം ഉണ്ടാക്കുന്നുണ്ടെന്നത് നാം കണ്ടതാണ്.എന്താണ് നമ്മുടെ കുട്ടികൾക്കും പുതുതലമുറക്കും സംഭവിക്കുന്നത്? അവരെ മാനസികമായും വൈകാരികമായും വളർച്ചയിലേയ്ക്കും പക്വതയിലേയ്ക്കും എത്തിക്കാൻ എന്തു കൊണ്ട് നമുക്ക് സാധിക്കുന്നില്ല? അല്ലെങ്കിൽ ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനും സഹകരണ മനോഭാവത്തോടെയും ത്യാഗ മനോഭാവത്തോടെയും പരസ്പ്പരം മനസ്സിലാക്കാനും ഒപ്പം സ്നേഹിക്കുവാനും നൈമഷികമായ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുവാനും നമ്മുടെ കുട്ടികളെ നാം എന്തുകൊണ്ട് പരിശീലിപ്പിക്കുന്നില്ല!വിദ്യാഭ്യാസ സമൂഹത്തിന് അടിസ്ഥാനപരമായി വേണ്ട വൈകാരിക പക്വത പൊതുസമൂഹം ചർച്ച ചെയ്യപ്പെടാതെ പോകുന്നത് പഠനവിധേയമാക്കേണ്ടതല്ലേ.
പരീക്ഷകൾ പേരിന് നടത്തുകയും യാതൊരു അധികപിന്തുണയും ലഭ്യമാക്കാതെ കുട്ടികളെ കയറ്റിവിടുകയും ചെയ്യുന്നുണ്ടെങ്കിൽ പരീക്ഷയിലും കുട്ടികളിലുമല്ല കുറ്റങ്ങൾ കണ്ടെത്തേണ്ടത് മറിച്ച്, ഇത്തരമൊരു സംവിധാനത്തെ ഇവിടെ ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യുന്നവരെയാണ്.വിദ്യാർത്ഥികളുടെ പഠനനിലവാരത്തിൽ ഇടിവുണ്ടാകുന്നതായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തന്നെ ചൂണ്ടിക്കാണിച്ചത് വിവാദമായിരുന്നു. പ്രതിവർഷം 69,000 വിദ്യാർത്ഥികൾ പരീക്ഷകളിൽ എ പ്ലസ് നേടുന്നുണ്ട്,എന്നാൽ സ്വന്തം പേരു പോലും ശരിയായി എഴുതാൻ അറിയാത്തവരാണ് ഇതിൽ പലരുമെന്നത് മറ്റ് വിദ്യാർത്ഥികളോട് കാണിക്കുന്ന നീതികേടായി തോന്നുന്നുവെന്ന് പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട് വിളിച്ചു കൂട്ടിയ യോഗത്തിൽ ഷാനവാസ് അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ ഇത് സർക്കാർ
നിലപാടായി കാണേണ്ടതില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇതിനോട് പ്രതികരിച്ചത്.സത്യത്തിൽ പൊതുവിദ്യാഭ്യാസ ഡയരക്ടർ പറഞ്ഞതിൽ വാസതവം ഉണ്ടെന്ന് കേരളീയ സമൂഹത്തിന് അറിയാം.വാട്ട്‌സ്ആപ്പ് വിവരമല്ലാതെ മറ്റൊന്നും പഠിക്കാൻ നേരമില്ല. പുസ്തകങ്ങൾ ഇന്ന് ഇന്റർനെറ്റിലും ലഭ്യമാണ്. എന്നാലും അത് വായിച്ച് സമയം വെയ്‌സ്റ്റാക്കുന്നതെന്തിനെന്നാണ് നമ്മുടെ കുട്ടികളുടെ ചോദ്യം. മൊബൈൽ വന്നതിനു ശേഷം ഓർമശക്തി തന്നെ കുറഞ്ഞുപോയി;ഒരു നമ്പറും കാണാതെ അറിയുന്നില്ല,ഒന്നും കാണാതെ പഠിക്കേണ്ട കാര്യമില്ലാതായി.ഒരു മനക്കണക്കും അറിയണ്ട;കൂട്ടാനും കിഴിക്കാനും മൊബൈൽ റെഡിയാണ,മുമ്പു കാലത്ത് ഒന്ന് കൂട്ടാനും കിഴിക്കാനും കൈയിലേയും കാലിലേയും വിരലുകൾ തികയില്ലായിരുന്നു. ഇന്ന് മൊബൈലുണ്ടെങ്കിൽ ഒറ്റ വിരല് കൊണ്ട് മല മറിക്കാം. മൊബൈലില്ലെങ്കിൽ ഇന്ന് ജീവിതം തന്നെയില്ല എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.ചൊല്ലാനുള്ളതൊക്കെ ഇപ്പോൾ മൊബൈലിലാക്കി വച്ചിരിക്കയാണ്. കാണാതെ പഠിക്കാതെ കാര്യം നേടാനാണ് തിടുക്കം.പരീക്ഷക്ക് വരെ എല്ലാം മൊബൈലിൽ പകർത്തിപ്പോവുകയാണ്. ഇപ്പോൾ ഒരു ഇലക്‌ട്രോണിക് വാച്ചുണ്ടത്രേ;അത് കണ്ടാൽ വാച്ചാണ്,വാച്ചിൽ ഒന്ന് സ്പർശിച്ചാൽ അത് മെബൈൽ പോലെയാണ്. ഒരായിരം ഉത്തരങ്ങൾ അതിൽ ഫീഡ് ചെയ്ത് വച്ചിരിക്കും.മെെൈബൽ വാങ്ങി വച്ചാലും നമ്മുടെ കുട്ടികൾ ഇതുപയോഗിച്ച് കോപ്പിയടിക്കും.അവരെ പറഞ്ഞിട്ടെന്താ,പഠിച്ചതൊന്നും തലയിൽ കേറുന്നില്ല.അല്ലെങ്കിൽ എന്തിന് തലയിൽ കയറണം;തന്നെ സിസ്റ്റം തന്നെ ജയിപ്പിക്കുമല്ലോ!
കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പുതുജീവൻ നൽകി മെനു പരിഷ്കരിച്ചരിപ്പോൾ വെട്ടിലായത് പാവം പ്രധാന അധ്യാപരാണ്.ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ് പ്രധാന അധ്യാപകർ. അവർ സ്പോൺസർമാരെ തേടി അലയുകയാണ്.നേരത്തേതന്നെ ഉച്ച ഭക്ഷണ ഫണ്ടിൽ വലിയൊരു തുട കുടിശ്ശികയാണ് എന്നോർക്കണം.2025 ൽ സർക്കാർ 150 കോടി ഫണ്ടിന്റെ കുടിശ്ശിയുണ്ട്. സർക്കാർ അനുവദിക്കുന്നതിൽ കൂടുതൽ തുക ചിലവാകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് മെനു പരിഷ്കരിച്ചതോടെ കൂടുതൽ തുക ആവശ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ. പാചകത്തൊഴിലാളികളുടെ എണ്ണക്കുറവും പാചകവാതകത്തിന്റെ വില വർദ്ധനയും തുടങ്ങി നിരവധി കടമ്പകൾ കടന്നു വേണം പദ്ധതി നടപ്പിലാക്കാൻ.വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകാനാണ് പ്രഥമാധ്യാപകർക്ക് ശമ്പളം നൽകുന്നത് എന്ന പ്രസ്താവന അധ്യാപക സംഘടനകളെ ചെറുതായല്ല ചൊടിപ്പിച്ചത്. ഈ വിഷയത്തിൽ പോലും കോടതി ഇടപെടേണ്ടി വരുന്നു.
കേരള മോഡൽ വിദ്യാഭ്യാസത്തിന് അപമാനമാകുന്ന തരത്തിലുള്ള സംഭവമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ അരങ്ങേറുന്നത്.പൊതുസമൂഹത്തിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്ന ഒരു വിഭാഗമാണ് വിദ്യാർഥികൾ. കുടുംബങ്ങളുടെയും നാട്ടുകാരുടെയും പ്രതീക്ഷയുടെ ഭാരം അവർക്ക് താങ്ങാവുന്നതിലും അധികമാണ്. കേരളത്തിന്റെ മത്സരാത്മക പശ്ചാത്തലത്തിൽ ഇത് കുറേക്കൂടെ കഠിനമാണ്. സ്വന്തം മകന്റെയോ മകളുടെയോ വിജയ ഫോട്ടോ പത്രത്തിലും നാട്ടുവഴികളിലെ ഫ്ലെക്സ് ബോർഡുകളിലും വരുന്നതിനും, അവർക്ക് മികച്ച ഭാവി ഇത് വഴി ഉണ്ടാകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന,ജീവിതം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരുടെ കണ്ണീർക്കഥകൾ നമ്മുടെ നാട്ടിൽ വ്യാപകമാണ്.ഈ തരത്തിൽ എൻട്രൻസ് പോലെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന കുടുംബങ്ങൾ ആഗ്രഹിക്കുന്ന പ്രധാന കാര്യം പരീക്ഷാ നടത്തിപ്പിലെ സുതാര്യതയാണ്, സ്ഥിരതയാണ്. നിർഭാഗ്യവശാൽ കഴിഞ്ഞ കുറെ വർഷങ്ങളായി എൻട്രൻസ് പരീക്ഷകൾ നടക്കുന്ന പരിസരം കലുഷിതമാണ്. നിയമങ്ങൾ മാറിമറിയുകയാണ്.വലിയ തൊഴിൽ സാധ്യതക്കും അവസരങ്ങൾക്കും വഴിയൊരുക്കുന്ന മത്സരപ്പരീക്ഷകളുടെ കാര്യത്തിൽ വിദ്യാർഥികൾ എന്ത് ആത്മവിശ്വാസത്തിലാണ് ഒരുങ്ങുക?മാറിമറിയുന്ന നടത്തിപ്പ് നിയമങ്ങളും എന്തിനേറെ,പരീക്ഷാ ഹാളിലെ വസ്ത്രത്തിന്റെ അളവ് പോലും ചർച്ചയാക്കുന്ന;വിവാദമാക്കുന്ന,നിയമമാക്കുന്ന നിലവിലെ സ്ഥിതി ഏറെ ആശങ്കാജനകമാണ്.കേരള സിലബസ് പഠിക്കുന്ന കുട്ടികളുടെ റാങ്ക് കുറയുന്നു എന്നത് നിസ്സാരമായി കാണ്ടേണ്ട കാര്യമല്ല.റാങ്കിങ് ഫോർമുലയിൽ സിബിഎസ്ഇ /ഐസിഎസ്ഇ സിലബസ് പഠിച്ചവർക്ക് കൂടുതൽ ഗുണം ലഭിച്ചത് കഴിഞ്ഞ വർഷത്തെ റിസൾട്ട് വന്നപ്പോൾ തന്നെ തെളിഞ്ഞതാണ്.എൻട്രൻസ് ദിവസത്തെ പെർഫോമൻസ് മാത്രം പോരാ,പകരം പ്ലസ്ടു മാർക്ക് കൂടി കണക്കാക്കണമെന്നത് നീതിയാണ്.പക്ഷേ ഇത് സർക്കാർ കൈകാര്യം ചെയ്ത രീതി വിമർശനം ഏറ്റുവാങ്ങുന്നതായിരുന്നു. നിലവിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ‘മാൻ മെയ്ഡ് ഡിസാസ്റ്റർ’ എന്ന പ്രയോഗം പോലെ സർക്കാർ വരുത്തിവെച്ച അപകടമാണ്.കഴിഞ്ഞ വർഷം കീം എൻട്രൻസ് കഴിഞ്ഞ ഉടനെ മാർക്കുകളിൽ വലിയ വ്യത്യാസമുണ്ടെന്ന് കാട്ടി ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിമർശനങ്ങളെ വകവെക്കാതെ സർക്കാർ അതിൽ അടയിരുന്നു. 2025ലെ പരീക്ഷക്കുള്ള പ്രോസ്‌പെക്ടസ് പോലും പ്രിന്റ് ചെയ്തതിന് ശേഷമാണ് ഈ കാര്യത്തിൽ സർക്കാർ ഒരു കമ്മിറ്റിക്ക് രൂപം നൽകിയത്.ഏപ്രിലിൽ ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോർട്ട് നൽകിയത് ജൂൺ രണ്ടാം വാരമാണ്.എന്നാൽ സമിതി റിപ്പോർട്ട് നൽകിയപ്പോഴേക്കും കീം പരീക്ഷയുടെ മാർക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. സമിതി റിപ്പോർട്ട് പ്രവേശന കമ്മീഷണറുടെ റെക്കമെന്റേഷനോട് കൂടി കാബിനറ്റ് വിശദമായി പഠിക്കുന്നത് ജൂൺ അവസാന വാരത്തിലാണ്. എന്നാൽ ജൂലൈ ഒന്നിന് റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ ഒരു മണിക്കൂർ മാത്രം മുമ്പാണ് പ്രോസ്‌പെക്ടസിൽ മാറ്റം വരുത്തുന്നത്.എന്തുതരം മണ്ടത്തരമാണ് സർക്കാർ ഈ തീരുമാനത്തിലൂടെ വരുത്തിവച്ചത്.കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി എൻട്രൻസ് പരീക്ഷകൾ ഏതെങ്കിലും നിലക്കുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പെട്ടുലയുയായിരുന്നിട്ടും പ്രോസ്‌പെക്ടസ് പ്രകാരമല്ലാതെ ഫലം പ്രഖ്യാപിച്ചാൽ കോടതി ഇടപെടില്ലെന്ന് ഇവർ ധരിച്ചിരുന്നോ? ഇത്ര നിഷ്‌കളങ്ക ബുദ്ധികളാണോ സംസ്ഥാന സർക്കാരും എൻട്രൻസ് കമ്മീഷണറും? കളി തുടങ്ങിയ ശേഷം ചട്ടം മാറ്റാനാകില്ലെന്ന് കോടതി പറഞ്ഞത് ചൂണ്ടിക്കാട്ടുന്നത് സർക്കാരിന്റെ കഴിവില്ലായ്മയാണ്.ഭരണകൂടത്തെ സുപ്രീം കോടതിയും കയ്യൊഴിഞ്ഞ കാഴ്ചയാണ് നമുക്ക് പിന്നീട് കാണാൻ സാധിച്ചത്.മത്സര പരീക്ഷാ രംഗം സർക്കാർ കുറേക്കൂടി ഗൗരവസ്വഭാവത്തിൽ സമീപിക്കേണ്ടതല്ലേ.
ഒരു വശത്ത് കീം ഫലത്തിൽ ആശയക്കുഴപ്പവും ആശങ്കയും.മറുവശത്ത് പന്ത്രണ്ട് സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരില്ല,65 സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരുമില്ല. ഈ രീതിയിൽ മനഃപൂർവമുള്ള വീഴ്ചകൾ വരുത്തുന്നത് ഇതരസംസ്ഥാന ലോബികൾക്ക് വേണ്ടിയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പുതിയ തലമുറയിലെ അനേകം വിദ്യാർഥികൾ നന്നായി പഠിക്കുന്നുണ്ട് എന്നുള്ളതും നാം വിസ്മരിച്ചുകൂട.കേരളത്തില്‍ യൂണിവേഴ്‌സിറ്റികളും സംവിധാനങ്ങളും പണ്ഡിതരായ അദ്ധ്യാപകരും പതിനായിരക്കണക്കിനുണ്ട്.കോളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഏറെ പ്രതിഭകള്‍ പാസൗട്ടാകുന്നുണ്ട്. എന്നാല്‍ അതിന്റേതായ നിലവാരം കേരളസമൂഹത്തിനുണ്ടോ? വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ജയിച്ചിറങ്ങുന്നവര്‍ ലക്ഷങ്ങളുണ്ടെങ്കിലും ശരിയായ വിദ്യാഭ്യാസ നിലവാരം ഉണ്ടെന്ന് പറയാനാവുമോ?എവിടെയാണ് തകരാറ് പറ്റിയിരിക്കുന്നത്, നാം വിശകലനം നടത്തേണ്ടിയിരിക്കുന്നു. മോന്തായം വളഞ്ഞാൽ ഉത്തരം വളയാതിരിക്കുമോ? ചാൻസലറോ വൈസ് ചാൻസലറോ വലുത്;ഗവർണരോ മുഖ്യമന്ത്രിയോ ഭരണാധികാരി,മൂപ്പിളമതർക്കം തുടർന്നുകൊണ്ടേയിരിക്കുന്നു.ഭാരതാംഭ തർക്കത്തിനും സുംഭ വിവാദത്തിനും വേദിയായി ക്കൊണ്ടിരിക്കുന്നു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്.
സ്കൂളുകൾ കണ്ടാൽ വലിയ ടൂറിസ്റ്റ് ഹോമുകളാണെന്ന് തെറ്റിദ്ധരിച്ച് സഞ്ചാരികൾ വന്നുകയറുമെന്നൊക്കെ വീരവാദം പറഞ്ഞ ഭരണ തലവന്മാർ തിരിച്ചറിയേണ്ട ചില വസ്തുതകളിലക്ക്കൂടി വിരൽ ചൂണ്ടു കൊണ്.ഹൈടെക്ക് വിദ്യാലയങ്ങൾ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല സർക്കാർ സ്കൂളുകളും ശൂന്യമായ, ഡിസ്പോസ് ചെയ്യേണ്ടതായ കെട്ടിടങ്ങളും നന്നായി പ്രവർത്തിക്കാത്ത ശൗചാലയങ്ങളും കുടിവെള്ളത്തിന്റെ അഭാവം നിഴലിക്കുന്നതും ആണെന്നു കാണാം. വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം ടാബും കമ്പ്യൂട്ടറും, പ്രോജക്ടറുകളും ലഭ്യമാകാത്ത അവസ്ഥയും നിലനിൽക്കുന്നു. അധ്യാപക ഒഴിവുകൾ നികത്തുകയോ അധ്യാപ തസ്തികകൾ അംഗീകരിച്ചുള്ള ഉത്തരവും സമയബന്ധിതമായി നടപ്പാക്കുകയോ ചെയ്യുന്നില്ല.പി എസ് സി റാങ്ക് ലിസ്റ്റുകൾ നിലവിൽ ഉണ്ടെങ്കിലും താൽക്കാലിക നിയമനത്തിലൂടെ പിൻവാതിൽ നിയമനം നടക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പാഠ്യപദ്ധതിക്കൊപ്പം മാനവികതയിലൂന്നിയുള്ള സാംസ്കാരിക പഠനത്തിന്റെയും കുട്ടികളിൽ നൈപുണികൾ വളർത്തുന്ന സോഫ്റ്റ് സ്കിൽ പഠനത്തിന്റെയും അവസരം കൊടുത്തു കാണുന്നില്ല.പാഠ്യപദ്ധതി പരിഷ്കരണത്തിലെ രാഷ്രീയ അജണ്ടയും കുട്ടികളുടെ പഠനവൈകല്യങ്ങൾ കണക്കിലെടുക്കാതെയുള്ള സമഗ്രപഠനവും പ്രശ്നസങ്കീർണമായി തുടരുകയാണ്.കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിന് കോടി രൂപ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വേണ്ടി ചിലവാക്കിയെന്ന് സർക്കാർ പറയുമ്പോഴും ഗുണാത്മക വിദ്യാഭ്യാസം ഇന്നും ബാലികേറാമലയായി തുടരുകയാണ്. കണ്ടറിയാത്തവൻ കൊണ്ടറിയുമ്പോൾ പഠിക്കും എന്നാണല്ലോ ചൊല്ല്.ഇനിയെങ്കിലും സംരക്ഷണ യജ്ഞത്തിലുള്ള പൊതു വിദ്യാഭ്യാസവകുപ്പും ഉന്നതിയിലെത്താത്ത ഉന്നതവിദ്യാഭ്യാസ വകുപ്പും വിദ്യാഭ്യാസരംഗത്തെ ജീർണത തിരിച്ചറിഞ്ഞില്ലെങ്കിൽ നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തംനാട് നാണിച്ച് തല താഴ്ത്തേണ്ടിവരും.