
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റിയിൽ 4 മെഡിക്കൽ പിജി സീറ്റുകൾ കൂടി
- കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനും സാധിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റിയിൽ 4 മെഡിക്കൽ പി ജി സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു . കോഴിക്കോട് മെഡിക്കൽ കോളേജിൽ എം സി എച്ച് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, തൃശൂർ മെഡിക്കൽ കോളേജിൽ ഡിഎം നിയോനെറ്റോളജിയിലും 2 സീറ്റുകൾക്ക് വീതമാണ് അനുമതി ലഭ്യമായത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് അനുമതി ലഭ്യമായത് 133 മെഡിക്കൽ പിജി സീറ്റുകൾക്കാണ് . ഈ രണ്ട് കോഴ്സുകളും തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരിക്കുകയും തസ്തിക സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഉദര സംബന്ധമായ രോഗങ്ങൾക്ക് ശസ്ത്രക്രിയാ ചികിത്സ നൽകുന്നതിനുള്ള സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സാണ് എംസിഎച്ച് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി. കാൻസർ, കരൾ രോഗങ്ങൾ, പാൻക്രിയാറ്റിക് പ്രശ്നങ്ങൾ, ലാപറോസ്കോപിക്/അഡ്വാൻസ്ഡ് ശസ്ത്രക്രിയകൾ എന്നിവയിൽ കൂടുതൽ വിദഗ്ധരെ സജ്ജമാക്കുന്നതിന് സഹായിക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനും സാധിക്കും. നവജാത ശിശുക്കളുടെ ഗുരുതര രോഗങ്ങൾക്കും പ്രത്യേക പരിചരണത്തിനുമായുള്ള സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോഴ്സാണ് ഡിഎം നിയോനറ്റോളജി. പ്രീമേച്ച്വർ കുഞ്ഞുങ്ങൾ, എൻഐസിയു പരിചരണം, ശ്വാസകോശ-ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ കൂടുതൽ വിദഗ്ധരെ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കും
