
അ,ആ,ഇ,ഈ,ഉ,ഊ…

1
അ-സാധാരണമാം
വിധം
ഭാവിയിൽ
പെൺകുട്ടിയാകാൻ
സാധ്യതയുള്ള എന്റെ ശരീരം
ആണുങ്ങളുടെ
ലോകം
ഉപേക്ഷിക്കുന്നു
2
ആ-കാശങ്ങളും
ഭൂമിയും
ഞങ്ങൾക്കന്യം
ഒരു പട്ടി
സ്വന്തം വാല് കടിച്ച്
വട്ടം കറങ്ങും മാതിരി
ഞാനെന്റെ ശരീരത്തിൽ
വട്ടം കറങ്ങി
തുടക്കവും
ഒടുക്കവുമില്ലാതെ

3.
ഇ-ത്തവണ,
എന്റെ കാലുകൾക്കിടയിൽ
ഞാൻ ഒരു നുണയായിരുന്നു
എന്റെ സത്യം
മറ്റെവിടെയോ
വിശ്രമിക്കുന്നു
കുപ്പായങ്ങൾ
എന്റെ
ഉടലിനോട്
സദാ
പരാജയപ്പെടുന്നു.
4.
ഈ-മരണം
അത്രയും സ്വാഭാവികമാണ്,
ജീവിച്ചിരിക്കുന്നവർക്ക്
മനസ്സമാധാനം
വേണമായിരുന്നു
അതുകൊണ്ട്
ഞാൻ മരിക്കുന്നു.
5.
ഉ-ലകം മുഴുവൻ
ആണുങ്ങൾക്ക്
തീറെഴുതികൊടുത്തതാരാകും ?
ആണുങ്ങളുടേതാകരുത് ലോകം
6
ഊ-തി വീർപ്പിക്കാൻ മാത്രം
ജീവിതത്തിലെന്തുണ്ട്
വേദനയല്ലാതെ
7
ഋ-തുക്കളെല്ലാമെന്റെ ചില്ലയിൽ
പാർക്കട്ടെ
കിളികളുപേക്ഷിച്ച ഇതേ ചില്ലയിൽ
8
എ-ത്ര ദൂരെയാണ് സ്വർഗ്ഗം
എത്ര ആകാശങ്ങൾക്കകലെ ?
എത്ര ഭൂഗോളങ്ങൾക്കകലെ?
അവിടെ പാർക്കുന്നുണ്ടാകുമോ
എന്റെ കൂടപിറപ്പുകൾ ?
വിശപ്പിൽ വിഷം കഴിച്ചവർ
9
ഏ-തോ ഒരു കിളിയുടെ
പാട്ടാണ് എന്റെ ഉടൽ,
തൊട്ടറിയില്ല
ശൂന്യതയിൽ മാത്രം
കേൾക്കാം
മിണ്ടാതിരി
10
ഐ-രാവതം കണക്കൊരു മേഘം ദൂരെ
ആകാശത്തിലേക്ക്
നീട്ടാം ഞാനെന്റെ ചില്ല
മാറിപ്പോയേക്കുമോ
കൂട്ടുകൂടാതിരിക്കുമോ
11
ഒ-രിടത്ത് ഒരിടത്ത് എന്ന്
തുടങ്ങുന്ന കഥയിൽ
നിങ്ങളെന്നെ കണ്ടെത്തില്ല,
എനിക്ക് ഭൂമിയിലിടമില്ല
12
ഓ-രോ ചലനങ്ങളിലും
ഞാൻ പ്രേതം
ശരീരങ്ങളുടെ നടക്കാത്ത
ആഗ്രഹങ്ങളാണ്
പ്രേതങ്ങളായി ഭൂമിയിൽ
വട്ടം ചുറ്റുന്നത്
13
ഔ-ഷധങ്ങളൊന്നും
എന്റെ ശരീരത്തിനേൽക്കില്ല
സ്നേഹം ചികിത്സിച്ചേക്കാം
ഉണക്കിയേക്കാം ഈ
മുറിവ്
തൊട്ടൂടെ, സ്നേഹത്തോടെ
എന്റെ ഉടൽ
വല്ലപ്പോഴും
കണ്ടൂടെയത് ?
14.
അം അ
അമ്മേ…