
അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം
- വിമത വൈദികർക്കെതിരെ നടപടി, 6 പേർക്ക് സസ്പെൻഷൻ
കൊച്ചി:എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റും തകർത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദികരെ മുന്നിൽ നിർത്തിയാണ് പ്രതിഷേധം നടക്കുന്നത് . ഗേറ്റിൽ കയർ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്റെ ഭാഗങ്ങൾ നീക്കം ചെയ്തതത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികൾ പ്രതിഷേധം നടത്തുന്നത്.

സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേർക്കുനേർ നിൽക്കുകയാണ്.ഗേറ്റ് തകർത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിർത്തിയിരിക്കുകയാണ്. ചർച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.അതേസമയം, വിമത വൈദികർക്കെതിരെ അച്ചടക്ക നടപടിയുമായി സീറോ മലബാർ സഭ സിനഡ് രംഗത്തെത്തി. ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്‌ത വിമത വൈദികരായ ആറു പേരെ സഭ സസ്പെൻഡ് ചെയ്‌തു. 15 വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.