
ഒരു ബിഗ് സെല്യൂട്ട്; അതിജീവതയ്ക്ക്
✍️ മേഘ ബാബു എഴുതുന്നു
- ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ ഓർത്തിരിക്കേണ്ട ഒരു മുഖമാണ് അതിജീവതയുടേത്
നീണ്ട അഞ്ചു വർഷങ്ങളുടെ നിയമ പോരാട്ടങ്ങൾകൊടുവിൽ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തു വരുമ്പോൾ ഓർത്തിരിക്കേണ്ട ഒരു മുഖമാണ് അതിജീവതയുടേത്. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പീഡങ്ങളുടെയും ദുരിതങ്ങളുടെയും വിവരങ്ങൾ അറിയാൻ ഒരു കമ്മിറ്റിയെ നിയമിച്ചത് നടി ആക്രമിച്ച കേസിനോട് അനുബന്ധിച്ചാണ്.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെടുന്നത്. ഇതിനു പിന്നാലെ സധൈര്യം ആ നടി സമൂഹത്തിന് മുന്നിലേക്ക് വന്നു. ‘എന്നെ ആർക്കും തോൽപ്പിക്കാനാവില്ല ഞാനെപ്പോൾ തോൽക്കണം എന്നത് ഞാൻ തീരുമാനിക്കും മറ്റുള്ളവർ വിചാരിച്ചാൽ അത് നടക്കില്ല’ എന്നു പറഞ്ഞു കൊണ്ട് ആത്മധൈര്യം ഒട്ടും ചോരാതെ , സ്ത്രീ സമൂഹത്തിന് മുഴുവൻ പ്രചോദനമായി മുന്നോട്ട് വന്നു.

തന്നെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല എന്നും അനിഷ്ടം തോന്നുന്നവരെ ഒതുക്കുക എന്നത് മലയാള സിനിമയുടെ രീതിയാണെന്നും സിനിമാരംഗത്ത് പലർക്കും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും അന്ന് നടി മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞു.
ഇതിന് പിന്നാലെയാണ് സ്ത്രീവിരുദ്ധ സമ്പ്രദായങ്ങൾക്കെതിരെ സാമൂഹിക അവബോധം കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 2017 നവംബർ 1 ന് ഡബ്ല്യൂസിസി-
വുമൺ ഇൻ സിനിമ കളക്ടീവ് എന്ന മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംഘടന രൂപപ്പെടുന്നത്.
സിനിമ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ സർക്കാർ അന്വേഷിക്കണമെന്ന് ഡബ്ലിയുസിയുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് ഹേമകമ്മിറ്റി രൂപീകരിച്ച് ചുമതല ഏൽപ്പിക്കുന്നത്. തുടർന്ന് ഹേമ കമ്മിറ്റി നടത്തിയ വിശദമായ പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു.

‘ ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനുമായി. എന്നാൽ, നക്ഷത്രങ്ങൾ മിന്നിമറയുന്നില്ലെന്നും ചന്ദ്രൻ മനോഹരമായി കാണപ്പെടുന്നില്ലെന്നും ശാസ്ത്രീയ അന്വേഷണത്തിൽ കണ്ടെത്തി. നിങ്ങൾ കാണുന്നതിനെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാര പോലെയാണ് ‘ എന്നു പറഞ്ഞുകൊണ്ടാണ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തുടങ്ങുന്നത്.
മലയാള സിനിമയ്ക്ക് പുറംമോടി മാത്രമേയുള്ളൂ എന്നും നമ്മൾ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ പല ആരാധ്യരുടെയും മുഖംമൂടി അഴിഞ്ഞുവീഴാൻ സമയമായി എന്നുള്ള വസ്തുത ഹേമ കമ്മിറ്റിയിലൂടെ പുറത്തുവരുന്നു.
നടിയെ ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടും ആവർത്തിച്ചു പറയുന്നു.
തന്റെ ജീവനും തൊഴിലിനെയും ബാധിക്കുമെന്ന് അറിഞ്ഞിട്ടും ഒരു സ്ത്രീ സമൂഹത്തിന്റെ മുന്നിൽ തനിക്ക് സംഭവിച്ചത് തുറന്ന് പറഞ്ഞു – അതാണ് മലയാള സിനിമയേയും സമൂഹത്തേയും പിടിച്ചുകുലുക്കുന്ന ഹേമ കമ്മറ്റി റിപ്പോർട്ടായി മാറിയത്. ആ അതിജീവിതയ്ക്ക് ഒരു ബിഗ് സെല്യൂട്ട് …