അനധികൃത മണൽക്കടത്ത് വ്യാപകം; ജൈവവൈവിധ്യ പരിസ്ഥിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു

അനധികൃത മണൽക്കടത്ത് വ്യാപകം; ജൈവവൈവിധ്യ പരിസ്ഥിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു

  • ഇടവഴിക്കടവ് തറമ്മൽ കടവിൽ പുതിയപാത നിർമിച്ചാണ് മണൽ കടത്തുന്നത്.

കൊടിയത്തൂർ: ഇരുവഞ്ഞിപ്പുഴയുടെ വിവിധകടവുകളിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നു. രാത്രിയിലാണ് ലോഡു കണക്കിന് മണൽ കയറ്റിക്കൊണ്ടുപോവുന്നത്. രാത്രി പത്തുമണിക്ക് ആരംഭിക്കുന്ന മണൽക്കടത്ത് പുലർച്ചെവരെ തുടരുമെന്ന് നാട്ടുകാർ പറയുന്നു. പുഴ നശിക്കുന്നതു കൂടാതെ വലിയ തോതിലുള്ള പൊതുസ്വത്താണ് അനധികൃതമായി കടത്തുന്നത്. പക്ഷേ, തടയാൻ കർശന നടപടി ഉണ്ടാവുന്നില്ല.

ഇടവഴിക്കടവ് തറമ്മൽ കടവിൽ പുതിയപാത നിർമിച്ചാണ് മണൽ കടത്തുന്നത്. ചെറുവാടിക്കടവ് ഉൾപ്പെടെയുള്ള കടവുകളിലും രാത്രിയുടെ മറവിൽ മണൽ കടത്തുന്നുണ്ട്. പരാതിയുയർന്ന സാഹചര്യത്തിൽ മണൽക്കടത്തു നടക്കുന്ന കടവിൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ, പോലീസ്, പഞ്ചായത്ത് ജൈവവൈവിധ്യ പരിസ്ഥിതി അംഗങ്ങൾ തുടങ്ങിയവർ സന്ദർശനം നടത്തി.

തറമ്മൽകടവിൽ പുതിയപാത നിർമിച്ച് മണൽ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടിഎടുക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. മണൽക്കടത്ത് തടയുന്നതിനായി കടവിലേക്കുള്ള റോഡ് തടസ്സപ്പെടുത്തുമെന്നും പോലീസിന്റെ സഹായത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, പഞ്ചായത്തംഗം കരീം പഴങ്കൽ, മുക്കം എസ്.ഐ. ഷിബിൽ ജോസഫ്, ജൈവവൈവിധ്യ പരിസ്ഥിതിസമിതി അംഗം സി. ഫസൽ ബാബു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )