
അന്നപൂരണി: നെറ്റ്ഫ്‌ളിക്സിന്ടെ പേടിയും നയൻസിന്ടെ മാപ്പും
- ബിരിയാണി പാകം ചെയ്യുന്നതിന് മുൻപ് നായിക മുസ്ലിം വിശ്വാസപ്രകാരം നമസ്കരിക്കുന്ന രംഗം ലൗ ജിഹാദ് പ്രോൽസാഹിപ്പിക്കുന്ന രംഗമാണെന്ന് പരാമർശിച്ചിട്ടുളളതാണ് പരാതി.
ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായെത്തിയ പുതിയ ചിത്രം ‘അന്നപൂരണി-ദ് ഗോഡസ് ഓഫ് ഫുഡ്’ നെറ്റ്ഫ്ലിക്സ് പിൻവലിച്ചു. തൊട്ടുപിറകെ നയൻസിന്റെ മാപ്പ് പറച്ചിലും വന്നതോടുകൂടി സോഷ്യൽ മീഡിയ മുഴുവൻ ഇതേപ്പറ്റിയുള്ള ചർച്ചകൾ ചൂടുപിടിച്ചിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപണം ഉയർന്നതിനു പിന്നാലെയാണ് നെറ്റ്ഫ്ലിക്സിൻറെ പിൻവലിക്കൽ നടപടി.
അന്നപൂരണി മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. അന്നപൂരണിയുടെ സംവിധായകൻ, നായകൻ ജയ്, നയൻതാര, നിർമാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെയാണ് കേസ് കൊടുത്തിരുന്നത്. ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയപ്പോൾ രണ്ട്തരം പ്രതികരണമായിരുന്നു സിനിമക്ക് ലഭിച്ചിരുന്നത്. ഡിസംബർ 29നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. ഒടിടി റിലീസ് ചെയ്തതിന് ശേഷമാണ് സിനിമയ്ക്കെതിരെ വിവാദം ആരംഭിക്കുന്നത്. സിനിമ ഹിന്ദുമതവിശ്വാസത്തെ അവഹേളിക്കുന്നതായി ചൂണ്ടിക്കാട്ടി മുൻ ശിവസേന നേതാവ് രമേശ് സോളങ്കിയാണ് മുംബൈ പൊലീസിന് പരാതി നൽകിയത്. ചിത്രത്തിലെ ചില രംഗങ്ങൾ പരാമർശിച്ചുകൊണ്ട് മുൻപ് രമേശ് സോളങ്കി എക്സിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അന്നപൂരണിയിൽ ഒരു ക്ഷേത്ര പൂജാരിയുടെ മകളായാണ് നയൻതാര അഭിനയിക്കുന്നത്. ബിരിയാണി പാകം ചെയ്യുന്നതും മുസ്ലിം വിശ്വാസപ്രകാരം നമസ്കരിക്കുന്നതുമായ രംഗങ്ങളാണ് വിവാദമായത്. തുടർന്ന് രമേശ് സോളങ്കി പൊലീസിനും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും പരാതി നൽകുകയായിരുന്നു. ഇന്ത്യ മുഴുവൻ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൻറെ സന്തോഷത്തിൽ പങ്കുചേരുന്ന ഭക്തിനിർഭരമായ സമയത്ത് ഹിന്ദുത്വത്തിനെതിരെ നെറ്റ്ഫ്ലിക്സിൽ അന്നപൂരണി പ്രദർശനത്തിനെത്തിയത് വലിയ തെറ്റായിപ്പോയെന്നായിരുന്നു രമേശ് സോളങ്കിയുടെ ആരോപണം