
അമൃത് പദ്ധതി; 504 പൊതു ടാപ്പുകൾ ഒഴിവാകും
- 18 പൊതു ടാപ്പുകൾ നിലനിർത്തും
വടകര: അമൃത് കുടിവെള്ള പദ്ധതിപ്രകാരം വീടുകളിലേക്ക് കണക്‌ഷൻ എത്തിക്കുമ്പോൾ വടകര നഗരസഭയിലെ 522 പൊതു ടാപ്പുകളിൽ 18 പൊതു ടാപ്പുകൾ നിലനിർത്തി മറ്റു ടാപ്പുകളെല്ലാം ഒഴിവാകും.
വെള്ളക്കരം കുടിശ്ശികയാകുന്നതിനാൽ പത്തുകോടിയോളം രൂപ നഗരസഭ ജല അതോറിറ്റിക്ക് നൽകാനുണ്ട്. ഉപയോഗിക്കാത്ത ടാപ്പുകളിലും വെള്ളക്കരം അടക്കേണ്ടിവരുന്നതായി ആക്ഷേപവും ഉയർന്നിരുന്നു. ഈ കാരണത്തലാണ് പൊതുടാപ്പുകൾ ഒഴിവാക്കാൻ നഗരസഭ തീരുമാനമെടുത്തത്. ഇതുപ്രകാരം നഗരസഭയും ജലഅതോറിറ്റിയും സംയുക്തപരിശോധന നടത്തി ഒഴിവാക്കാൻ പറ്റാവുന്ന ടാപ്പുകൾ കണ്ടെത്തുകയായിരുന്നു.
അമൃത് പദ്ധതി പ്രകാരം വീടുകളിലേക്ക് കണക്ഷൻ കൊടുത്ത ശേഷം മാത്രമേ പൊതുടാപ്പുകൾ വിച്ഛേദിക്കൂ. അമൃത് പദ്ധതിയിൽ 3500 ഓളം വീടുകളിൽ കണക്ഷൻ കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയിൽ ഇതുവരെ 2600 വീടുകളിൽ നിന്നാണ് അപേക്ഷ ലഭിച്ചത്.
CATEGORIES News