അവയവങ്ങൾ ദാനം നൽകി ബാലകൃഷ്ണൻ യാത്രയായി

അവയവങ്ങൾ ദാനം നൽകി ബാലകൃഷ്ണൻ യാത്രയായി

  • ആശുപത്രി അധികൃതർ ബന്ധുക്കളുടെ സമ്മതത്തോടെ മൃതസഞ്ജീവനി പോർട്ടിൽ രജിസ്റ്റർചെയ്ത് അവയവദാനത്തിന് അവസരമൊരുക്കുകയും വൃക്കയും കരളും ദാനം നൽകുകയുമായിരുന്നു.

നടുവണ്ണൂർ: വൃക്കയും കരളും മറ്റൊരാൾക്ക് പുതുജീവിതത്തിനായി നൽകി കൊയിലാണ്ടി താലൂക്ക് ആശുപത്രി നേഴ്സിങ് അസിസ്റ്റന്റ് കെ.പി. ബാലകൃഷ്ണൻ യാത്രയായി. ഈ മാസം 18- നാണ് അമ്പത്തഞ്ചുകാരനായ കാവുന്തറയിലെ കുനിയിൽ ബാലകൃഷ്ണനെ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ നൽകുന്നതിനിടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കാരണം ബോധക്ഷയമുണ്ടായി. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയിലെത്തുന്ന രോഗികൾക്കും സഹായികൾക്കും കണ്ടറിഞ്ഞ് സഹായം നൽകുന്ന വ്യക്തിയായിരുന്നു ബാലകൃഷ്ണൻ. സേവനത്തിൽ സഹപ്രവർത്തകർക്ക് മാതൃകയുമായിരുന്നു. സ്വയം സമർപ്പിക്കപ്പെട്ട പാലിയേറ്റീവ് വൊളന്റിയറുമായിരുന്നു. ഇദ്ദേഹം അവയവദാന സമ്മതപത്രം നൽകിയിരുന്നു.

ആശുപത്രി അധികൃതർ ബന്ധുക്കളുടെ സമ്മതത്തോടെ മൃതസഞ്ജീവനി പോർട്ടിൽ രജിസ്റ്റർ ചെയ്ത് അവയവദാനത്തിന് അവസരമൊരുക്കുകയും ഇരു വൃക്കകളും കരളും ദാനം നൽകുകയുമായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )