
അർജന്റീനയ്ക്ക് റെക്കാഡോടെ കോപ്പ അമേരിക്ക കിരീടം
- വിജയ ഗോൾ നേടി ലൗട്ടാരോ മാർട്ടിനസ്
മയാമി: അർജന്റീന നേടി. ചരിത്രത്തിൽ എഴുതിവെക്കാൻ ഒരു അത്യുജ്വല വിജയം. ലോ സെൽസോയ്ക്ക് പകരം എക്സ്ട്രാ ടൈമിൽ 97-ാം മിനിട്ടിൽ ഇറങ്ങിയ ലൗട്ടാരോ മാർട്ടിനസ് മെസിയുടെ ദുഖത്തെ ചിരിയിലാഴ്ത്തി. 112-ാം മിനിട്ടിൽ മാർട്ടിനസ് നേടിയ ഏക ഗോളിന്റെ ബലത്തിൽ കൊളംബിയയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തി. അർജന്റീനയുടെ തുടർച്ചയായ രണ്ടാം കിരീടധാരണവും ഒപ്പം 16-ാം തവണ കിരീടം നേടുന്ന റെക്കാഡും മെസിയും സംഘവും നേടി.
28 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള കൊളംബിയയുടെ മുന്നേറ്റത്തെയാണ് അർജന്റീന അവസാനിപ്പിച്ചത്. ബോൾ പൊസെഷനിലും പാസിലും അർജന്റീനയെക്കാൾ മുന്നിട്ടുനിന്നിട്ടും മത്സരത്തിൽ അതൊന്നും ഗോളാക്കാൻ കൊളംബിയയ്ക്ക് കഴിഞ്ഞില്ല. പ്രക്ഷുബ്ദമായിരുന്നു മത്സരം. 18 ഫൗളുകളാണ് കൊളംബിയൻ ഭാഗത്തുനിന്നുണ്ടായത്. അർജന്റീനയുടേത് എട്ടെണ്ണവും. ഇരുടീമുകളും രണ്ട് വീതം മഞ്ഞ കാർഡ്
കണ്ടു.

58-ാം മിനുട്ടിൽ ഡി മരിയയുടെ ഷോട്ട് നിർഭാഗ്യവശാൽ മാത്രമാണ് ഗോളാകാത്തത്. കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് പന്ത് തടുത്തു. 36-ാം മിനുട്ടിലേറ്റ പരിക്ക് കാരണം 66-ാം മിനുട്ടിൽ മെസിക്ക് കളം വിടേണ്ടിവന്നു. കളി അവസാനിക്കുന്നതിന് തൊട്ടുമുൻപ് 117-ാം മിനുട്ടിൽ ഡി മരിയയും ബെഞ്ചിലേക്ക് മടങ്ങിയിരുന്നു.ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആരംഭിക്കേണ്ട മത്സരമാണ് ആഘോഷത്തോടെയെത്തിയ ആരാധകരുടെ തളിക്കയറ്റം കാരണം വൈകിപ്പോയത്. 6.45ന് മത്സരം തുടങ്ങി.ആരാധകരെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ കോപ്പ അമേരിക്കയുടെ സംഘാടകരായ കോൺമെബോൾ ആദ്യം തയ്യാറായതുമില്ല. ഇതോടെ ഒന്നര മണിക്കൂറോളം മത്സരം താമസിക്കുകയായിരുന്നു.