
അർജന്റീന – ഓസ്ട്രേലിയ സൗഹൃദ മത്സരം നവംബർ 17 ന്
- മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തി
കൊച്ചി : കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാറാടിക്കാൻ ഇനി ഏതാനും ദിനങ്ങൾ മാത്രം.കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നവംബർ 17ന് അർജന്റീന-ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കുമെന്നും മത്സരത്തിനായി ലയണൽ മെസ്സി എത്തുമെന്നും ഉറപ്പിച്ച് കേരള പൊലീസ്. അർജന്റീനയുടെ വരവ് സംബന്ധിച്ച് സർക്കാരിന്റെ ഗ്രീൻ സിഗ്നൽ ലഭിച്ചതോടെ ശനിയാഴ്ച കൊച്ചിയിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ യോഗം ചേർന്നു.

മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തി.കളി കാണാൻ സ്റ്റേഡിയത്തിലേക്കു പരമാവധി 32,000 പേർക്കു മാത്രം ടിക്കറ്റ് മുഖേന പ്രവേശനം നൽകാനാണു നിലവിൽ ധാരണയായിട്ടുള്ളത്. എന്നാൽ, മൊത്തം 5 ലക്ഷം പേരെങ്കിലും അന്നു നഗരത്തിലും പരിസരത്തുമായി എത്തിയേക്കുമെന്നാണു പോലീസിന്റെ നിഗമനം. തിരക്കു ഫലപ്രദമായി നിയന്ത്രിക്കാനും മത്സരം സുരക്ഷിതമായി നടത്താനുമുള്ള തയാറെടുപ്പുകൾ ഉടൻ ആരംഭിക്കാനും തീരുമാനമായി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
