
അർബുദ വ്യാപനം തടയാൻ മരുന്ന്; മൂന്ന് മാസത്തിനകം വിപണിയിലെത്തും
- നൂറുരൂപമാത്രം വിലവരുന്ന മരുന്നിനെ അദ്ഭുതമരുന്ന് എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.
അർബുദവ്യാപനം തടയാനുള്ള പുതിയ മരുന്ന് മൂന്നുമാസത്തിനകം വിപണിയിൽ. ടാറ്റാ മെമ്മോറിയൽ സെൻ്ററിലെ ഗവേഷകരാണ് കണ്ടുപിടുത്തതിന് പിന്നിൽ. നൂറുരൂപമാത്രം വിലവരുന്ന മരുന്നിനെ അദ്ഭുത മരുന്ന് എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.
നശിപ്പിക്കപ്പെടുന്ന അർബുദ കോശങ്ങൾ പുറത്തുവിടുന്ന ക്രൊമാറ്റിൻ ഘടകം പുതിയ കോശങ്ങളിലേക്ക് രോഗംപടരാൻ കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇതിനെതിരായ മരുന്ന് വികസിപ്പിച്ചത്. ടാറ്റാ മെമ്മോറിയൽ സെൻ്ററിലെ ഗവേഷകർ. പാൻക്രിയാസ്, ശ്വാസകോശം, വായ എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്ക് ഈ ഗുളിക വളരെ ഫലപ്രദമാണെന്ന് കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ് എസ്എസ്എഐ) അംഗീകാരം ലഭിച്ച് മൂന്നുമാസത്തോടെ മരുന്ന് വിപണിയിൽ ലഭ്യമാകുമെന്നും ഗവേഷണസംഘത്തിലെ മുതിർന്ന അംഗമായ ഡോ. രാജേന്ദ്ര ബദ അറിയിച്ചു.
പത്തുവർഷത്തെ പരീക്ഷണത്തിന് ശേഷമാണ് റസ്‌വിരാ ട്രോൾ, കോപ്പർ (R+Cu) എന്നീ ഘടകങ്ങൾ അടങ്ങിയ പ്രോ ഓക്സിഡൻ്റ് ഗുളിക വികസിപ്പിച്ചെടുത്തത്. വായിലൂടെ കഴിക്കാവുന്ന ഗുളിക വളരെ പെട്ടെന്നുതന്നെ രക്തത്തിലേക്ക് ലയിച്ചു ചേരുകയും ഇത് വഴി പുറത്തു വിടുന്ന ഓക്സിജൻ റാഡിക്കലുകൾ ക്രൊമാറ്റിനെ നശിപ്പിക്കുകയും അർബുദത്തിൻ്റെ വ്യാപനം തടയുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.
രോഗവ്യാപനം തടയുക മാത്രമല്ല, ഗുളിക കീമോതെറാപ്പിയുടെയും വികിരണചികിത്സയുടെയും പാർശ്വഫലങ്ങൾ അമ്പതുശത മാനത്തോളം കുറയ്ക്കുമെന്നും ഗവേഷകർ അവകാശപ്പെട്ടു. ചുണ്ടെലികളിൽ സ്തനാർബുദ കോശങ്ങൾ ഗ്രാഫ്റ്റ് ചെയ്താണ് ആകക്കിലെ ട്രാൻസ്‌ലേഷണൽ ലബോറട്ടറിയിൽ പരീക്ഷണങ്ങൾ നടത്തിയത്. പാർശ്വഫലങ്ങളെക്കുറിച്ച് എലികളിലും മനുഷ്യരിലും പരീക്ഷണം നടത്തിക്കഴിഞ്ഞു. മരുന്നിന്റെ പ്രതിരോധശേഷിയെക്കുറിച്ചുള്ള ട്രയൽ മനുഷ്യരിൽ നടത്താനിരിക്കുകയാണ്.