
അൾട്രാ പ്രോസസ്‌ഡ് ഭക്ഷണ പദാർത്ഥങ്ങൾ കൊടും വില്ലൻമാർ
- പുകയില ഉൽപ്പന്നങ്ങളുടേതിനു സമാനമായ മുന്നറിയിപ്പ് നൽകണമെന്ന് ആരോഗ്യവിദഗ്ധർ
- ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു
അൾട്രാ പ്രോസസ്‌ഡ് ഭക്ഷണപദാർത്ഥങ്ങൾ ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുന്നതായി ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിനു ഹാനികരണമാണെന്നന്ന് അവയുടെ പാക്കറ്റുകൾക്കു മുകളിൽ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ഗവേഷകൻ.പുകയില ഉൽപ്പന്നങ്ങളുടേതിനു സമാനമായ മുന്നറിയിപ്പുകൾ നൽകണമെന്നാണ് നിർദേശം.
അൾട്രാ പ്രോസസ്ഡ് ഫുഡ്’ എന്ന വിശേഷണം ആവിഷ്കരിച്ച സാവോ പോളോ സർവകലാശാലയിലെ ന്യൂട്രിഷണൽ ശാസ്ത്രജ്ഞനായ പ്രൊഫ. കാർലോസ് മൊണ്ടേറോയാണ് നിർദേശം മുന്നോട്ടുവെച്ചത്. അൾട്രാ പ്രോസസ്ഡ് ഭക്ഷണപദാർഥങ്ങൾ കുഞ്ഞുങ്ങളിലും മുതിർന്നവരിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് ഇവ സ്കൂളുകളിലും പരിസരപ്രദേശങ്ങളിലും ഇവ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം ഭക്ഷണങ്ങൾക്കു നികുതി കൂടുതലായി ഈടാക്കണമെന്നും നിർദേശത്തിലുണ്ട്.
പ്രകൃതിദത്ത ഭക്ഷണത്തിൽനിന്ന് ഉരുത്തിരിഞ്ഞതോ മറ്റ് ജൈവ സംയുക്തങ്ങളിൽനിന്ന് സമന്വയിപ്പിച്ചതോ ആയ വ്യാവസായിക അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ഭക്ഷണപദാർഥങ്ങളെയാണ് അൾട്രാ പ്രോസസ്ഡ് ഫുഡ് അഥവാ യുപിഎഫ് എന്ന ഭക്ഷണങ്ങൾ . എളുപ്പത്തിലുള്ള ലഭ്യത, വിലക്കുറവ് എന്നിവ പരിഗണിച്ച് ഒട്ടേറെപ്പേർ അൾട്രാ പ്രോസസ്‌ഡ് ഭക്ഷണങ്ങളെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട്.ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെയ്ക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പലതരത്തിലുള്ള പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, മറ്റു രാസപദാർഥങ്ങൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത്തരത്തിലുള്ള ഭക്ഷണം ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ, അർബുദം എന്നിവയ്ക്ക് കാരണമാവുന്നതാണ്.