
ആടുജീവിതത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി
- 19 തിയേറ്ററുകളില്‍ ഇന്ന് മുതല്‍ ഷോ
ദോഹ: പ്രവാസ ജീവിതം പ്രമേയമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ സിനിമയ്ക്ക് ഖത്തറില്‍ പ്രദര്‍ശനാനുമതി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 19 തിയേറ്ററുകളില്‍ ഇന്ന് മുതല്‍ ഷോ ആരംഭിക്കും. ഖത്തറില്‍ പ്രദര്‍ശനാനുമതി ലഭിച്ചതായും ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുമെന്നും സംവിധായകന്‍ ബ്ലെസി അറിയിച്ചു. സിനിമ വൻ വിജയമായതോടെ പെരുന്നാള്‍ അവധി ദിനങ്ങളിൽ പ്രേക്ഷകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ബ്ലെസ്സി-ബെന്യാമിന്‍-പൃഥ്വിരാജ് -എആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടിലാണ് ആടുജീവിതം എന്ന ചിത്രം ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ചലച്ചിത്രാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.
സിനിമയുടെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. . പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ബെന്യാമീന്റെ ‘ആടുജീവിതം’ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ്. യുഎഇയില്‍ മലയാളത്തിൽ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് വമ്പന്‍ കളക്ഷനാണ് ലഭിച്ചത്. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍.