
ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ല-ഇ.പി. ജയരാജൻ
- മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ വ്യാജം
തിരുവനന്തപുരം: തൻ്റെ ആത്മകഥയിലേതെന്ന് കാട്ടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ വ്യാജമെന്ന് സിപിഐ എം നേതാവ് ഇ.പി. ജയരാജൻ. കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലേതെന്നു കാട്ടി പുറത്തിറക്കിയിട്ടുള്ള ഭാഗങ്ങൾ കെട്ടിച്ചമച്ചതാണ്. തൻ്റെ പുസ്തകം പൂർത്തിയായിട്ടില്ല. തലക്കെട്ട് പോലും ആലോചിച്ചിട്ടില്ല. ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്സുമായി ഒരു കരാറുമില്ല.

മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. തെരഞ്ഞെടുപ്പു ദിവസം തന്നെ താൻ പാർടിക്ക് എതിരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞു.