
ആദ്യ ദിനം 10 കോടി കലക്ഷനിൽ കുതിച്ച് ‘മാർക്കോ’
- അഞ്ചു ഭാഷകളിൽ ഇറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ പലയിടങ്ങളിലും ഹൗസ്‌ഫുൾ ആയി
ആഗോളതലത്തിൽ വൻ ബോക്സ്ഓഫിസ് കലക്ഷൻ നേടി ‘മാർക്കോ’. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ആദ്യ ദിവസം തന്നെ 10 കോടിയാണ് ചിത്രം തൂത്തുവാരിയത്.ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. അഞ്ചു ഭാഷകളിൽ ഇറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ പലയിടങ്ങളിലും ഹൗസ്‌ഫുൾ ആയി. ചില സ്ഥലങ്ങളിൽ പ്രത്യേകം അധിക പ്രദർശനങ്ങളും ഏർപ്പെടുത്തേണ്ടി വന്നതായാണ് റിപ്പോർട്ട്.

രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. തിരക്കഥയെഴുതി സംവിധാനം ചെയ്തത് ഹനീഫ് അദേനിയാണ്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്.’കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസൂർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻ സിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്‌തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.