
ആധാരം റജിസ്ട്രേഷൻ; വിരലടയാളം മാറി ബയോമെട്രിക് സ്‌കാനിങ് വരുന്നു
- സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി എറണാകുളം, കണ്ണൂർ ജില്ലകളിൽ തുടങ്ങി
തിരുവനന്തപുരം :സംസ്ഥാനത്ത് ആധാരം റജിസ്റ്റർ ചെയ്യാൻ ഇടതു തള്ളവിരലിൽ മഷി പുരട്ടി വിരലടയാളം പതിപ്പിക്കുന്ന പഴയ രീതി അവസാനിക്കുന്നു . പകരം ബയോ മെട്രിക് ഇമേജ് സ്കാനർ വഴി വിരലടയാളം ഡിജിറ്റലായി പതിപ്പിക്കും. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള വിരലടയാളം തന്നെയാണെന്ന് ഉറപ്പാക്കാമെന്നതിനാൽ ആൾമാറാട്ടം അസാധ്യമാവും. ഏപ്രിൽ മുതൽ സംസ്ഥാനത്തെ 315 സബ് റജിസ്ട്രാർ ഓഫിസുകളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി എറണാകുളം, കണ്ണൂർ ജില്ലകളിൽ ആരംഭിച്ചു.

നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം അടുത്ത മാസം നടക്കും . ആദ്യ ഘട്ടത്തിൽ വിൽപന ആധാരങ്ങളുടെ റജിസ്ട്രേഷനിലാണ് പുതിയ രീതി ബാധകമാക്കുക. ബാങ്കുകളും മറ്റും ഉപയോഗിക്കുന്നതിനു സമാനമായ ബയോമെട്രിക് ഇമേജ് സ്കാനർ എല്ലാ സബ് റജിസ്ട്രാർ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്. ഏറെ നാൾ മുൻപു വാങ്ങിയവ ആണെന്നതിനാൽ ഇവയുടെ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ ആശങ്കയുമുണ്ട്