
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ ; 27 മരണം
- റെയിൽ, റോഡ് ഗതാഗതം താറുമാറായി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 27 മരണം. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്ച മുതൽ തുടരുന്ന മഴക്കെടുതിയിൽ 12 പേർ മരിച്ചു. കനത്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരു സംസ്ഥാനങ്ങളിലെയും നദികൾ കരകവിഞ്ഞൊഴുകുകയാണ്.ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാർപ്പിച്ചു.

റെയിൽ, റോഡ് ഗതാഗതവും താറുമാറായി. ഇതുവരെ നൂറിലധികം ട്രെയിനുകൾ റദ്ദാക്കി. കനത്ത മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഹൈദരാബാദിൽ ഇന്ന് സ്കൂകൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ അദിലാബാദ്, നിസാമാബാദ്, രാജന്ന സിർസില്ല, യാദാദ്രി ഭുവൻഗിരി, വികാരാബാദ്, സംഗറെഡ്ഡി, കാമറെഡ്‌ഡി, മഹബൂബ്നഗർ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്‌ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായത്തിന് നടപടി സ്വീകരിക്കാനും നിർദേശം നൽകി.അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ നാശം വിതച്ച വിജയവാഡ ജില്ലയിൽ, ബുഡമേരു നദി ഇന്നലെ കരകവിഞ്ഞൊഴുകിയതോടെ പല നഗര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശ്രീകാകുളം, വിജയനഗരം, പാർവതിപുരം മന്യം, അല്ലൂരി സീതാരാമ രാജു, കാക്കിനട, നന്ദ്യാല ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.