
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നാഷണൽ ടാസ്ക് ഫോഴ്സ്
- ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉറപ്പുനൽകി
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ‘നാഷണൽ ടാസ്ക് ഫോഴ്സ്’ രൂപീകരിച്ച് സുപ്രീംകോടതി. നാവികസേന മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ദൗത്യ സംഘത്തിൽ ഡൽഹി എയിംസ് ഡയറക്‌ടറും ഉൾപ്പെടും. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉറപ്പുനൽകി. രാജ്യവ്യാപകമായി പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശുപാർശ നൽകാൻ സംഘത്തോട് കോടതി നിർദേശിച്ചു.

കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഡോക്ടർമാരും നഴ്‌സുമാരുമടക്കമുള്ള മെഡിക്കൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി വിവിധ നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു. അത്യാഹിത വിഭാഗത്തിൽ അധിക സുരക്ഷ ഉറപ്പാക്കണം, ആയുധങ്ങൾ പ്രവേശിക്കുന്നത് തടയാൻ ബാഗേജ് സ്ക്രീനിങ് നടത്തണം, രോഗികളല്ലാത്തവരെ പരിധിക്കപ്പുറം അനുവദിക്കരുത്, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസംവിധാനങ്ങൾ വേണം, ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേകം വിശ്രമമുറികൾ ഒരുക്കണം, ബയോമെട്രിക്സ് തിരിച്ചറിയൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം,
എല്ലായിടത്തും സിസിടിവി സ്ഥാപിക്കണം, വെളിച്ചം വേണം, മെഡിക്കൽ പ്രൊഫഷനുകൾക്ക് രാത്രി 10 മുതൽ രാവിലെ ആറു വരെ ഗതാഗത സൗകര്യം ഏർപ്പെടുത്തണം, പ്രതിസന്ധികൾ മറികടക്കാൻ ശിൽപശാലകൾ നടത്തണം, സ്ഥാപനങ്ങളിലെ സുരക്ഷാ മൂന്നു മാസം കൂടുമ്പോൾ ഓഡിറ്റ് ചെയ്യണം, ആരോഗ്യപ്രവർത്തകരുടെ അടിയന്തര ആവശ്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പർ വേണം, എല്ലാ ആശുപത്രികളിലും ആഭ്യന്തര സമിതി രൂപീകരിക്കണം- എന്നിവയാണ് നിർദേശങ്ങൾ.