ആറു വയസിൽ ഒന്നാംക്ലാസ് പ്രവേശനം; കേന്ദ്രത്തോടു യോജിച്ച് കേരളം

ആറു വയസിൽ ഒന്നാംക്ലാസ് പ്രവേശനം; കേന്ദ്രത്തോടു യോജിച്ച് കേരളം

  • ഈ അധ്യയനവർഷം തുടങ്ങുന്ന പുതിയ സ്കൂൾ പാഠ്യപദ്ധതിയുടെ തുടർച്ചയായി പുതിയരീതി നടപ്പാക്കാനുള്ള സാധ്യത തേടും.

തിരുവനന്തപുരം: ആറു വയസ് മുതൽ ആയിരിക്കണം കുട്ടികളുടെ ഒന്നാംക്ലാസ് പ്രവേശനമെന്ന കേന്ദ്രസർക്കാർ നിർദേശത്തോട് ആശയപരമായി യോജിച്ച് സംസ്ഥാനം. ഈ അധ്യായന വർഷം തുടങ്ങുന്ന പുതിയ സ്കൂൾ പാഠ്യപദ്ധതിയുടെ തുടർച്ചയായി പുതിയരീതി നടപ്പാക്കാനുള്ള സാധ്യത തേടും. അതേസമയം ഇപ്പോഴുള്ള രീതി ഒഴിവാക്കി പുതിയ പുരോഗമന രീതി പെട്ടെന്നു നടപ്പാക്കാൻ പ്രായോഗികപ്രശ്നങ്ങൾ ഏറെയുണ്ടെന്ന് വിദ്യാഭ്യാസവകുപ്പധികൃതർ പറയുന്നു.

ഒറ്റഘട്ടമായി നടപ്പാക്കണമെങ്കിൽ ഒരു വർഷം മുഴുവൻ ഒന്നാം ക്ലാസ് പ്രവേശനം ഭാഗികമായി നിർത്തി വെക്കണം. രക്ഷിതാക്കളെ ബോധവത്കരിക്കാതെ ഇതു നടപ്പാക്കാനാവില്ല. ഒരു വർഷം പ്രവേശനം ഇല്ലാത്തത് അധ്യാപക തസ്‌തികകളെ ബാധിക്കും. സ്ഥിരാധ്യാപകരെ സംരക്ഷിക്കേണ്ടി വരുന്നത് അധിക സാമ്പത്തിക ബാധ്യത സൃഷ്‌ടിക്കും. പ്രീസ്‌കൂൾ കഴിഞ്ഞാൽ അടുത്ത ഘട്ടമാണ് ആറു വയസ് മുതലുള്ള ഒന്നാം ക്ലാസ് പ്രവേശനം. കേരളത്തിൽ പ്രീസ്‌കൂൾ സംവിധാനം പൂർണമായി ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമായിട്ടില്ല. കേന്ദ്രീയ വിദ്യാലയങ്ങളിൽ കഴിഞ്ഞവർഷം മുതൽ ആറു വയസ് നടപ്പാക്കിക്കഴിഞ്ഞു.

ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് ആറു വയസ് തികയണമെന്ന ആവശ്യമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും കത്തയച്ചിട്ടുണ്ട്. 2021-ലും കഴിഞ്ഞ വർഷവും സമാനമായി കത്തയച്ചിരുന്നു. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം, 2020-ലെ ദേശീയ വിദ്യാഭ്യാസ നയം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. ദേശീയ വിദ്യാഭ്യാസ നയം ആശയപരമായി കേരളം അംഗീകരിച്ചിട്ടില്ല. അതിനാൽ ഈ നയം നടപ്പാക്കാൻ കേന്ദ്രം സജ്ജമാക്കിയിട്ടുള്ള എൻ.ഇ.പി. ട്രാക്കറിലും കേരളമില്ല. വരുന്ന അധ്യായനവർഷം ഇതു നടപ്പാക്കില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.

സമഗ്ര ശിക്ഷാ കേരളം പദ്ധതി ഇവിടെ നടപ്പാക്കുന്നുണ്ട്. സമഗ്ര ശിക്ഷാ അഭിയാനാണ് ഇതിൻ്റെ നടത്തിപ്പു ചുമതല. ഭാവിയിൽ എൻ.ഇ.പി. ട്രാക്കറിൽ വരാത്തവർ ചൂക്ക് ഫണ്ടില്ലെന്നു കേന്ദ്രം തീരുമാനിച്ചാൽ കേരളം ഉൾപ്പെടെ പ്രതിസന്ധിയിലാവും. നീറ്റ് പോലുള്ള ദേശീയ പരീക്ഷകളിൽ ഇത്തരം പ്രായപരിധി നിർബന്ധിത ഘടകമായി വന്നാലും കേരളത്തെ ബാധിക്കും. സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതിനാൽ സി.ബി.എസ്.ഇ.യിൽ ഇത് നിർബന്ധമാക്കിയിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )