
ആർആർടിഎസ് റെയിൽ പദ്ധതി; ‘പരിഗണിക്കണം’: കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
- ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയിൽ കേരളത്തിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണു മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
തിരുവനന്തപുരം :സിൽവർലൈനിനു ബദലായി റീജിയനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. മന്ത്രിസഭ അംഗീകരിച്ച പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടർക്കു കത്തയച്ചു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊച്ചിയിൽ എത്തിയപ്പോൾ ആർആർടിഎസ് പദ്ധതി പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയിൽ കേരളത്തിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണു മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മെട്രോ ട്രെയിൻ സംവിധാനങ്ങളെയും വിമാനത്താവളങ്ങളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ സാഹചര്യത്തിൽ നാഷനൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപറേഷനുമായി (എൻസിആർടിസി) പദ്ധതി സംബന്ധിച്ചുള്ള ചർച്ചകൾക്ക് പിന്തുണ നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു. സാധ്യതാപഠനം നടത്തി വിശദമായ പദ്ധതി തയാറാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്കു നിർദേശം നൽകണം. ഗതാഗത വകുപ്പിനെയാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല ഏൽപിച്ചിരിക്കുന്നതെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
