
ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാർ
- അഭിമുഖത്തിൽ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനെന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. വിവാദമായ അഭിമുഖത്തിൽ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനെന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.കലാമണ്ഡലം സത്യഭാമ, ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. വ്യാപകമായി വിമർശനങ്ങൾ ഉയർന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല എന്നതും വാർത്തയായിരുന്നു. ഇതോടെയാണ് രാമകൃഷ്ണന് പൊലീസിൽ പരാതി നൽകുന്നത്.

ചാലക്കുടിക്കാരന് നർത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമർശം. ചാലക്കുടിയിൽ രാമകൃഷ്‌ണൻ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമർശം. തൃപ്പൂണിത്തുറ ആർ എൽ വിയിൽ രാമകൃഷ്ണൻ പഠിച്ചത് എം എ ഭരതനാട്യം. പക്ഷെ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു. സംഗീത നാടക അക്കാദമി ചെയർമാനായിരിക്കെ കെപിഎസി ലളിതയുമായി കലഹിച്ച കലാകാരന് എന്നായിരുന്നു അടുത്തത്. അമ്മയുമായി കലഹിച്ചത് രാമകൃഷ്ണനാണെന്ന് കെപിഎസി ലളിതയുടെ മകൻ സിദ്ധാർഥ് മൊഴി നൽകി. രാമകൃഷ്ണനോടുള്ള സത്യഭാമക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് .