
ഇടതുപക്ഷത്തിനുള്ളത് പുതിയ ഉത്തരവാദിത്തങ്ങൾ – യോഗേന്ദ്ര യാദവ്
- ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് അസ്തമിച്ചു കഴിഞ്ഞു. പുതിയത് പിറക്കാനിരിക്കുന്നേയുള്ളൂ
കോഴിക്കോട്: ഇടത് പക്ഷത്തിന് എക്കാലവും പ്രസക്തിയുണ്ടെന്നും ഇന്നത്തെ ഇന്ത്യയിൽ അത് പുതിയ ഉത്തരവാദിത്ത ങ്ങളെയാണ് നിറവേറ്റേണ്ടതെന്നും പ്രശസ്ത സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ വിശകലന വിദഗ്ദനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു.
‘ഇന്ന് ഇന്ത്യയിലെ ഇടതുപക്ഷം എന്താണ്?’ എന്ന വിഷയത്തിൽ ചിന്ത രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഈ വർഷത്തെ ചിന്ത രവി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ലോകമെങ്ങും എല്ലാ കാലത്തും പ്രസക്തമാണ്. യാഥാസ്ഥിതികമായി വിവക്ഷിക്കുന്ന രാഷ്ടീയ പാർട്ടികൾ മാത്രമല്ല ഇടതുപക്ഷം. അധീശശക്‌തി കൾക്കെതിരെ നിലപാടെടുക്കുന്ന പുരോഗമന ശക്തികളും ചെറുവിഭാഗങ്ങളുമൊക്കെ ചേർന്നതാണ് ഇന്നത്തെ ഇടതുപക്ഷം. ചെറുത്തു നിൽക്കുന്ന സാമൂഹ്യശക്തികൾ , ദളിത് ,സ്ത്രീ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ, അക്കാദമിക്കുകൾ, കലാകാരൻമാർ തുടങ്ങിയവയെല്ലാം ചേർന്നതാണ് ഇന്നത്തെ ഇടതുപക്ഷം. സ്വാതന്ത്ര ഇന്ത്യയിൽ ആദ്യത്തെ റിപ്പബ്ലിക് തകർന്നു കഴിഞ്ഞു. രണ്ടാമത്തെ റിപ്പബ്ലിക് രൂപം കൊള്ളാനിരിക്കുന്നേയുള്ളൂ. രണ്ടിനുമിടയിലാണ് നാം ഇപ്പോൾ നിൽക്കുന്നത്. രണ്ടാം റിപ്പബ്ലിക്കിനെ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷത്തിന് നിർണ്ണായക പങ്കാണ് നിർവ്വഹിക്കാനുള്ളത്.
ആ പ്രക്രിയയിൽ ഇടതുപക്ഷത്തിൻ്റെ വിഭവങ്ങൾ സോഷ്യലിസ്റ്റുകൾ, മാർക്സിസ്റ്റുകൾ,ജാതി- മതാധിപത്യത്തിനെതിരെ ചെറുത്തു നിൽക്കുന്ന ശക്തികൾ, ദളിത്-ആദിവാസി, സ്ത്രീ, പരിസ്ഥിതി മുന്നേറ്റങ്ങൾ തുടങ്ങിയവയാണ്. ബാഹ്യ വിഭവങ്ങളിൽ ഒന്ന് തീർച്ചയായും ഗാന്ധിയാണ്. മറ്റൊന്ന് ഭരണഘടനയാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖം യഥാർത്ഥത്തിൽ ഇടതുപക്ഷത്തിൻ്റെ ഒരു അടിസ്ഥാന രേഖ തന്നെയാണ്.

ഹിന്ദുത്വ രാഷ്ട്രീയ മേധാവിത്തം,ജാതി മേൽക്കോയ്മ, ക്രോണി ക്യാപ്പിറ്റലിസം തുടങ്ങിയവയാണ് ഇന്നത്തെ ഇന്ത്യയുടെ പ്രധാന വെല്ലുവിളികൾ. അവക്കെതിരെ ബഹുജനശക്തികളുടെ ഒരു മുൻനിര ഉയർത്തിക്കൊണ്ടു വരുന്നതിൽ ഇടതുപക്ഷത്തിന് മുഖ്യപങ്ക് വഹിക്കാനുണ്ട്.
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപി
ദുർബലമാവാനുള്ള കാരണങ്ങളിൽ കർഷക സമരം, സിഐഎ പ്രതിഷേധം തുടങ്ങി നിരവധി ചെറുത്തുനിൽപ്പുകൾ കൂടിയുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പതിറ്റാണ്ടുകളായുള്ള ഭരണകക്ഷികളെ ചെറുക്കുന്ന ശക്തി എന്ന നിലയിൽ ബിജെപി വളർച്ച നേടാൻ ഇടയുണ്ട്. ആരാണ് ഇടതുപക്ഷം എന്നതിനേക്കുറിച്ചുള്ള യാഥാസ്ഥിതിക രാഷ്ട്രീയ അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള ഒരു മുന്നണിയായി ഉയർന്നു വന്നാൽ ഇന്ത്യയിൽ ഇടതുപക്ഷത്തിൻ്റെ ഭാവി തിളക്കമേറിയതാവും – യോഗേന്ദ്ര യാദവ് നിരീക്ഷിച്ചു.
ഈ വർഷത്തെ ചിന്ത രവീന്ദ്രൻ പുരസ്കാരം കാർട്ടൂണിസ്റ്റ് ഉണ്ണി യോഗേന്ദ്ര യാദവിന് സമ്മാനിച്ചു. എഴുത്തുകാരൻ എൻ.എസ്.മാധവൻ അധ്യക്ഷത വഹിച്ചു.കോയ മഹമ്മദ് ചെലവൂർ വേണു അനുസ്മരണവും എം.പി.സുരേന്ദ്രൻ ബി.ആർ.പി.ഭാസ്ക്കർ അനുസ്മരണവും നടത്തി. എൻ.കെ.രവീന്ദ്രൻ സ്വാഗതമാശംസിച്ചു.ഒ.കെ.ജോണി, കെ.എ.ജോണി തുടങ്ങിയവരും പങ്കെടുത്തു.