
ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം
- ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ, ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം. ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ജനുവരി 22നുള്ളിൽ അപേക്ഷ നൽകുകയാണെങ്കിൽ എസ്ഐആർ അന്തിമ പട്ടികയിൽ പേരുണ്ടാകും. ഓൺലൈനായാണ് പേരുചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്.
voters.eci.gov.in എന്ന സൈറ്റ്വഴിയും ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം. വെബ്സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ഓപ്ഷൻ സെലക്ട് ചെയ്‌ത് ‘ഫോം 6’ പൂരിപ്പിക്കേണം.പ്രവാസി വോട്ടർമാരാണെങ്കിൽ ‘ഫോം 6എ’ തിരഞ്ഞെടുക്കണം.

തിരിച്ചറിയൽകാർഡിലെ വിവരങ്ങളിൽ മാറ്റംവരുത്താനും മണ്ഡലം മാറാനും ഫോം 8 ഉപയോഗിക്കാം. ജനുവരി 22നുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാനദിവസംവരെയും അപേക്ഷിക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി ലിസ്റ്റിലാകും ഉൾപ്പെടുത്തുക.
