
ഇന്ത്യ-കാനഡ ബന്ധം വഷളാവുന്നു; ആറ് നയതന്ത്രപ്രതിനിധികളെ പുറത്താക്കി ഇന്ത്യ
- ഇരുരാജ്യങ്ങളും ആറുനയതന്ത്രപ്രതിനിധികളെ വീതം പുറത്താക്കി
ന്യൂഡൽഹി:ഖലിസ്‌താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ വധക്കേസിനെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുന്നു . കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരേ കടുത്ത ആക്ഷേപം ഉന്നയിച്ച കനേഡിയൻ സർക്കാരിനെ വിദേശകാര്യമന്ത്രാലയം രൂക്ഷമായി വിമർശിച്ചു. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ സ്റ്റുവർട്ട് വീലറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പിന്നാലെ ഇരുരാജ്യങ്ങളും ആറുനയതന്ത്രപ്രതിനിധികളെ വീതം പുറത്താക്കി. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചു.
കനേഡിയൻ ആക്ടിങ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബേർട്ട് എന്നിവരടക്കം ആറ് നയതന്ത്രപ്രതിനിധികളെയാണ് ഇന്ത്യ പുറത്താക്കിയത്.
ശനിയാഴ്ച രാത്രി 12-നുമുൻപായി ഇന്ത്യ വിടണമെന്നാണ് ഇവർക്കുള്ള നിർദേശം. കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കി. കാനഡ സർക്കാരിൽ വിശ്വാസമില്ലെന്നും ഇന്ത്യൻസ്ഥാനപതി സഞ്ജയ് കുമാർ വർമ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ കാനഡയ്ക്ക് കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 2020 മുതൽ മോശമായിക്കൊണ്ടിരുന്ന ഇന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതൽ പ്രശ്നത്തിലായത്.

നിജ്ജർ വധക്കേസിൽ ഹൈക്കമ്മിഷണർ അടക്കമുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ തത്പരകക്ഷികളാണെന്നാരോപിച്ച് (പേഴ്സൺസ് ഓഫ് ഇന്ററസ്റ്റ്) കനേഡിയൻ സർക്കാർ ഇന്ത്യക്ക് ഔദ്യോഗികമായി കത്തയച്ചതോടെയാണ് വിദേശമന്ത്രാലയം കടുത്തനിലപാടെടുത്തത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പേരെടുത്താണ് വിമർശിച്ചത്. ദീർഘകാലമായി ട്രൂഡോ സർക്കാർ ഇന്ത്യയോട് വിദ്വേഷം വെച്ചുപുലർത്തുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ഈ അപഹാസ്യനീക്കങ്ങളെന്നും കൂട്ടിച്ചേർത്തു. നയതന്ത്രതലത്തിൽ ഇതിന് യുക്തമായ പ്രതികരണത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.