
ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ വ്യാജമരുന്നുകൾ പിടിച്ചെടുത്തു
- അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള
വ്യാജമരുന്നുകൾ പിടിച്ചെടുത്തു. വ്യാജ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളറുടെ ഏകോപനത്തിൽ
നടത്തി വന്നിരുന്നപരിശോധനയിലാണ് ആസ്‌മരോഗികൾ വ്യാപകമായി
ഉപയോഗിച്ച് വരുന്ന Cipla Ltd എന്നകമ്പനിയുടെ SEROFLO Rotacaps 250 Inhaler-ന്റെ വ്യാജ മരുന്നുകൾ കണ്ടെത്തിയത്.
അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്. വ്യാജമരുന്ന് ശൃംഖലയിൽ മരുന്നുകൾ വാങ്ങി വിൽപനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശൂർ, പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന Med World ഫാർമ എന്നീ സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നിയമനടപടികൾ സ്വീകരിച്ചു. ഈ സ്ഥാപനങ്ങൾക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ പ്രസത സ്ഥാപനങ്ങളുടെ ഡ്രഗ്സ് ലൈസൻസുകൾ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ്. വ്യാജമരുന്ന്ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊർജിതമായി നടത്തി അനിവാര്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.മരുന്ന് വാങ്ങുന്ന വ്യാപാരികൾ, നിർമ്മാതാവിൽ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയിൽ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകൾ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസൻസുകൾ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു
