
ഇരിങ്ങണ്ണൂർ ക്ഷേത്രത്തിന്റെ ഡോക്യുമെന്റേഷൻ ഒരുങ്ങുന്നു
- എൻഐടിസിയും സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്‌ചർ ന്യൂഡൽഹിയും ഒരുമിച്ചാണ് പഠനം.
ഇരിങ്ങണ്ണൂർ: ക്ഷേത്ര ചരിത്രവും വാസ്തു വിദ്യയും പഠിക്കാൻ ഒരുങ്ങുന്നു. ഇരിങ്ങണ്ണൂർ ശിവ ക്ഷേത്രത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ആണ് എൻഐടിസിയും സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്‌ചർ (എസ്പിഎ) ന്യൂഡൽഹിയും ഒരുമിക്കുന്നത്. ശാസ്ത്രീയമായാണ് പഠനം നടക്കുക. ക്ഷേത്ര വാസ്തുവിദ്യയുടെ സവിശേഷതകളും ചരിത്രവും പഠിക്കുകയും ചെയ്യും. ക്ഷേത്രത്തിന്റെ വിശദാംശങ്ങൾ അവലോകനം ചെയ്യാൻ വേണ്ടി ഡ്രോണിന്റെ സഹായത്തോടെയാണ് ഡോക്യുമെന്റേഷൻ നടക്കുക. തൂണേരി ബ്ലോക്ക് പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം നാടിന്റെ പൈതൃകത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഡിഎപി മേധാവി ഡോ. സി. മുഹമ്മദ് ഫിറോസ് ചൂണ്ടിക്കാട്ടി.
ദിവാൻ, ഡീൻ ഡോ. മീനാക്ഷി ധോട്ടെ എന്നിവരുടെ നേതൃത്വത്തിൽ ടി.എസ്. രവിചന്ദ്രൻ, ഡോ. ആരതി ഗോപാൽ, ഡോ. പ്രത്യൂഷ് മാധവി, ശുഭം മിശ്ര, ഡോ. രാജസിങ് എന്നിവരടങ്ങിയ സംഘമാണ് ഡോക്യുമെൻ്റേഷൻ നടത്തുന്നത്. എൻഐടിസിയിൽ നിന്നുള്ള ഡോ. സനിൽകുമാർ, ആർക്കിടെക്ടർമാരായ അഭിഷേക് കുമാർ, എ. സജന എന്നിവരുടെ സംഘം ഡോ. പി.പി. അനിൽ കുമാർ, ഡോ. എ.കെ. കസ്തൂർബ, ഡോ. സി. മുഹമ്മദ് ഫിറോസ് എന്നിവരുടെ പിന്തുണയോടെയാണ് ഗവേഷണം നടത്തുന്നത്.