
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം ;കടുത്ത നിലപാടുമായി ദേവസ്വം
- സഹകരിച്ചില്ലെങ്കിൽ നടപടിയെന്നും തന്ത്രിമാർ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്നും ദേവസ്വം
തൃശൂർ :ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിൽ തന്ത്രിമാർക്കെതിരെ കടുത്ത നിലപാടുമായി ദേവസ്വം.
തന്ത്രിമാർക്കെതിരെ കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനും രംഗത്തെത്തി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ തീരുമാനത്തെ മാറ്റാൻ തന്ത്രിമാർക്കോ മറ്റാർക്കെങ്കിലും അവകാശമില്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സികെ ഗോപി പറഞ്ഞു. കഴകക്കാരെ നിയമിക്കാനുള്ള അധികാരം തന്ത്രിമാർക്കില്ല. ബാലുവിനെ മാറ്റാനാകില്ലെന്ന നിലപാടായിരുന്നു ദേവസ്വം എടുത്തത്.
സർക്കാർ തീരുമാനിച്ച ഉദ്യോഗാർത്ഥിയെ 100ശതമാനം പോസ്റ്റിലേക്ക് തന്നെ ദേവസ്വം മാനേജ്മെന്റ് നിയമിച്ചിരിക്കും. കഴകക്കാരനായി ബാലുവിനെ നിയമിക്കുമെന്നും തന്ത്രിമാർക്ക് വഴങ്ങില്ലെന്നും സഹകരിച്ചില്ലെങ്കിൽ അവർക്ക് നേരെ നടപടിയെടുക്കുമെന്നും സികെ ഗോപി പറഞ്ഞു

സംഭവത്തിൽ ബാലു പരാതി നൽകിയിട്ടില്ല. ബാലു രേഖാമൂലം അപേക്ഷ നൽകിയാൽ നിയമപരമായി മുന്നോട്ടു പോകും. ബാലു ജോലിയിൽ പ്രവേശിച്ചത് മുതൽ തന്ത്രിമാർ വന്നോ വന്നിട്ടില്ലയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നും സികെ ഗോപി പറഞ്ഞു