
ഇസ്രായേൽ സൈന്യം ഇനി ഗസ്സയിൽ തുടരരുത്- മുന്നറിയിപ്പുമായി യോവ് ഗാലന്റ്
- പ്രതിരോധ മന്ത്രിയെ പുറത്താക്കിയതിൽ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്
ജറുസലേം: ഇസ്രായേൽ സൈന്യം ഇനി ഗസ്സയിൽ തുടരരുതെന്ന് പുറത്താക്കാപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗസ്സയിലുള്ള ബന്ദികളുടെ ബന്ധുക്കളോട് സംസാരിക്കവെയാണ് ഗാലന്റ് ഇക്കാര്യം പറഞ്ഞതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭിപ്രായ വൃത്യാസത്തെ തുടർന്ന് ഗാലന്റിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു തുറന്നുപറച്ചിൽ.’സൈന്യം ഗസ്സയിൽ തുടരുന്നതിന് സുരക്ഷാപരവും നയതന്ത്രപരവുമായ ന്യായീകരണങ്ങളുണ്ടെന്ന നെതന്യാഹുവിന്റെയും സർക്കാരിന്റെയും അവകാശവാദങ്ങളിൽ തനിക്കും ഐഡിഎഫ് മേധാവി ഹെർസി ഹലേവിക്കും സംശയങ്ങളുണ്ട്. ഗസ്സയിൽ ഇനി ഒന്നും ചെയ്യാനില്ല. പ്രധാന നേട്ടങ്ങളെല്ലാം കൈവരിച്ചു.
നേട്ടങ്ങളെല്ലാം കൈവരിച്ചു. നെതന്യാഹുവിൻ്റെ ആഗ്രഹം കൊണ്ടാണ് സൈന്യം അവിടെ തുടരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു. സ്ഥിരത സൃഷ്ടിക്കാൻ ഇസ്രായേൽ സേന ഗസ്സയിൽ തുടരണമെന്ന ആശയം സൈനികരുടെ ജീവൻ അപകടത്തിലാക്കുന്ന അനുചിതമായ ആശയമാണ്’ -യോവ് ഗാലന്റ് പറഞ്ഞു. പ്രതിരോധ മന്ത്രിയെ പുറത്താക്കിയതിൽ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്.

അതേസമയം, ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമാണ്. ഗസ്സയിലെ ജബാലിയയിൽ നടന്ന ആക്രമണത്തിൽ മാത്രം മുപ്പതിലേറെ പേർ മരിച്ചു. ലബനാനിലെ ബൈറൂത്തിൽ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു.ഇസ്രായേലിനു നേരെ കഴിഞ്ഞ ദിവസം ഹിസ്ബുല്ല വ്യാപക ആക്രമണമാണ് നടത്തിയത്.
