
ഉത്തരകൊറിയയിൽ ഇന്ത്യൻ എംബസി പ്രവർത്തനം വീണ്ടും ആരംഭിച്ചു
- 2021 ജൂലൈയിലാണ് ഇന്ത്യ പ്യോങ്യാങ്ങിലെ എംബസി അടച്ചുപൂട്ടിയിരുന്നത്
പ്യോങ്യാങ് : നീണ്ട മൂന്നര വർഷത്തിന് ശേഷം ഉത്തരകൊറിയയിൽ എംബസി പ്രവർത്തനം പുനരാരംഭിച്ച് ഇന്ത്യ. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യ എംബസി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. എംബസി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തിന് മുമ്പ് സാങ്കേതിക ആവശ്യങ്ങൾക്കുള്ള ജീവനക്കാർ ഉത്തരകൊറിയയിൽ തിരിച്ചെത്തുകയും ഭരണപരമായ ജോലികൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു. സ്വീഡൻ, പോളണ്ട് തുടങ്ങിയ മറ്റ് രാജ്യങ്ങളും ഉത്തര കൊറിയയിൽ എംബസികൾ വീണ്ടും തുറന്നിട്ടുണ്ട്.

2021 ജൂലൈയിലാണ് ഇന്ത്യ പ്യോങ്യാങ്ങിലെ എംബസി അടച്ചുപൂട്ടിയിരുന്നത് .അടച്ചു പൂട്ടലിന്റെ ഭാഗമായി അംബാസഡർ അതുൽ മൽഹാരി ഗോട്സർവെയും മുഴുവൻ ജീവനക്കാരും മോസ്കോ വഴി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.എന്നാൽ എംബസി അടച്ചു പൂട്ടിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. കോവിഡ് 19 മൂലമാണ് ഇന്ത്യ മുഴുവൻ ജീവനക്കാരെയും തിരികെ വിളിച്ചതെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അന്ന് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. ഉത്തര കൊറിയയുമായുള്ള ഇന്ത്യയുടെ ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്.